
കോഴിക്കോട് : ബലപ്പെടുത്തുന്നതിന്റെ ഭാഗമായി പൂർണമായി അടച്ച സി.എച്ച്. മേൽപ്പാലം ഭാഗികമായി തുറന്നു. ബീച്ച് ഭാഗത്തേക്ക് എല്ലാ വാഹനങ്ങൾക്കും കടന്നുപോകാം. എതിർദിശയിലേക്ക് വാഹനങ്ങൾക്ക് കടക്കാനാവില്ല. കാൽനടയാത്രക്കാർക്ക് ഇരുവശത്തേക്കും പ്രവേശനമില്ല. ജൂൺ 13-നാണ് പാലം അടച്ചത്. ഇപ്പോൾ ഓണത്തിരക്ക് കണക്കിലെടുത്താണ് പാലം ഭാഗികമായി തുറന്നത്.
രണ്ടുമാസത്തിനുള്ളിൽ പണികൾ പൂർത്തിയാക്കാമെന്ന് കണക്കാക്കിയാണ് പാലത്തിലൂടെ ഗതാഗതം നിരോധിച്ചത്. ബലപ്പെടുത്തലിന്റെ ഭാഗമായി പാലത്തിന്റെ ഉപരിതലത്തിലെ പണികൾ ഏതാണ്ട് പൂർത്തിയായി. ഒരുഭാഗത്തെ കൈവരികളും പുതുക്കിപ്പണിതു. ഇനി മറുവശത്തെ പണികൾ ശേഷിക്കുന്നുണ്ട്.റെയിൽവേ ലൈനിന് കുറുകെവരുന്ന ഭാഗത്തെ അറ്റകുറ്റപ്പണിയും ബാക്കിയുണ്ട്. റെയിൽവേയുടെ വൈദ്യുതലൈൻ ഓഫ് ചെയ്തുവേണം ഈ പണിചെയ്യാൻ. പകൽ രണ്ടുമണിക്കൂറും രാത്രി നാലുമണിക്കൂറുമെങ്കിലും ഒരാഴ്ച പണിചെയ്യേണ്ടിവരും. ഓഗസ്റ്റ് 15 മുതൽ ഇതുപറ്റുമെന്നാണ് കരുതുന്നത്.
റെയിൽവേ തീരുമാനപ്രകാരമാണ് മുന്നോട്ടുപോവുക.മുംബൈ ആസ്ഥാനമായ ‘സ്ട്രക്ചറൽ സ്പെഷ്യാലിറ്റീസാ’ണ് പാലം ബലപ്പെടുത്തുന്നത്. ഉപ്പുകാറ്റേറ്റ് പെട്ടെന്ന് നശിക്കാതിരിക്കാനുള്ള കാഥോഡിക് സുരക്ഷയാണ് പാലത്തിൽ ചെയ്യുന്നത്. ഇത് 75 ശതമാനത്തോളം പൂർത്തിയായി. പാലത്തിന്റെ ശേഷിക്കുന്ന പണി വേഗത്തിൽ പൂർത്തിയാക്കുമെന്ന് സ്ട്രക്ചറൽ സ്പെഷ്യാലിറ്റീസ് റീജണൽ മാനേജർ എൻ. അനിൽ പറഞ്ഞു.സെപ്റ്റംബറോടെ പാലത്തിന്റെ പണി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്.
ഏതാണ്ട് 40 വർഷം പഴക്കമുള്ളതാണ് പാലം. ബലപ്പെടുത്തുന്നതിലൂടെ അധികമായി 15 വർഷത്തോളം പാലം സുരക്ഷിതമായി നിലനിർത്താനാകുമെന്നാണ് കരുതുന്നത്.





