Ernakulam

പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി; കോൺഗ്രസ്‌ എംഎൽഎ മാർക്കെതിരെ കേസ്

Please complete the required fields.




എറണാകുളം : കാലടി സർവകലാശാലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ്‌ എംഎൽഎമാർക്കെതിരെ കേസ്. അങ്കമാലി എംഎൽഎ റോജി എം ജോൺ, ചാലക്കുടി എംഎൽഎ സനീഷ് കുമാർ എന്നിവർക്കെതിരെ കാലടി പൊലീസ് കേസെടുത്തു. സ്റ്റേഷനിൽ അതിക്രമിച്ചുകയറിയതിനാണ് കേസ്. ഇന്നലെ അറസ്റ്റ് ചെയ്ത കെ എസ് യു പ്രവർത്തകരെ റോജി എം ജോൺ ലോക്കപ്പ് തുറന്ന് പുറത്തിറക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

കാലടി ശ്രീ ശങ്കര കോളേജിലെ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ടാണ് കെഎസ്‌യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാജീവ്, ഡിജോൺ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെയാണ് എംഎൽഎമാരുടെ നേതൃത്വത്തിലെത്തിയ 15 അംഗ സംഘം ബലം പ്രയോഗിച്ച് ഇറക്കിയത്.

എംഎൽഎമാരടക്കം 15 പേർക്കെതിരെ ഐപിസി 506 (ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തൽ), ഐപിസി 353 (ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ) ഐപിസി 294 (അസഭ്യം പറയൽ) വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എംഎൽഎമാരുടെ നേതൃത്വത്തിൽ സംഘം ചേർന്ന് ഭീകരാന്തരീക്ഷം സ്യഷ്ടിച്ചു, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും എഫ് ഐ ആറിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button