
തൃശ്ശൂർ: വയറ് വേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ യുവതി പ്രസവിച്ചു. ബുധനാഴ്ച രാവിലെ ഡോക്ടറെ കാണാനായി ഭർത്താവുമൊത്ത് ആശുപത്രിയിലെത്തിയ മണത്തല സ്വാദേശിനിയായ 29 വയസുകാരിയാണ് കുഞ്ഞിന് ജന്മം നൽകിയത്.
ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിലാണ് യുവതി പ്രസവിച്ചത്. വയറ് വേദനയ്ക്ക് യുവതി ഡോക്ടറെ കണ്ടിരുന്നു. ഗർഭധാരണമാണോയെന്ന് സംശയം തോന്നിയ ഡോക്ടർ ഇത് ഉറപ്പിക്കാനായി യുവതി യൂറിൻ പരിശോധിക്കാൻ ആവശ്യപ്പെട്ടു.
തുടർന്ന് യൂറിൻ ശേഖരിക്കാനായി ശുചിമുറിയിൽ പോയ യുവതി ഇവിടെ വച്ച് പ്രസവിക്കുകയായിരുന്നു. പരിശോധനകളിൽ ഒന്നും ഗർഭമുള്ളതായി കണ്ടിരുന്നില്ലെന്ന് ദമ്പതികൾ പറയുന്നു. വിവാഹം കഴിഞ്ഞു എട്ട് വർഷമായി കുട്ടികളില്ലായിരുന്നു ദമ്പതികൾക്ക്.
വിവരം അറിഞ്ഞയുടൻ ആശുപത്രി ജീവനക്കാരും ഡോക്ടർമാരും അമ്മക്കും കുഞ്ഞിനും ആവശ്യമായ പരിചരണം ഉറപ്പാക്കി. ഇരുവരും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.





