
ഛണ്ഡീഗഢ്: ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് വധശ്രമക്കേസില്‍ നാല് പേര്‍ അറസ്റ്റില്‍. ഹരിയാനയിലെ അംബാല ജില്ലയില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. ഹരിയാന സ്വദേശിയായ വികാസ്, ഉത്തര്‍പ്രദേശ് സ്വദേശികളായ പ്രശാന്ത്, ലോവിഷ്, വികാസ് എന്നിവരാണ് ഉത്തര്‍പ്രദേശ്- ഹരിയാന പൊലീസിന്റെ സംയുക്ത ഓപ്പറേഷനിലൂടെ പിടിയിലായത്.
പ്രതികളില്‍ നിന്ന് ആയുധങ്ങളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് ഹരിയാന സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഡിഎസ്പി പറഞ്ഞു. ഇവരുടെ വാഹനം കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികളെ ഉത്തപ്രദേശ് പൊലീസിന് കൈമാറും. ബുധനാഴ്ച്ച സഹോദരന്‍ ഉള്‍പ്പടെ നാല് പേര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ചന്ദ്രശേഖര്‍ ആസാദിന് വെടിയേറ്റത്.
എന്താണ് ആക്രമികളെ കൃത്യം നടത്താന്‍ പ്രേരിപ്പിച്ചതെന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ പ്രതികളെ ചോദ്യം ചെയ്താല്‍ മാത്രമേ വ്യക്തത വരികയുള്ളൂ. ടൊയോട്ട ഫോര്‍ച്യൂണറില്‍ യാത്ര ചെയ്യുമ്പോഴാണ് ചന്ദ്രശേഖര്‍ ആസാദിന് നേരെ ആക്രമണമുണ്ടായത്. രണ്ട് ബുള്ളറ്റുകളാണ് പ്രതികള്‍ ഉതിര്‍ത്തത്.
ആദ്യത്തെ ബുള്ളറ്റ് കാറിന്റെ വാതിലിലൂടെ തുളച്ചു കയറി ചന്ദ്രശേഖര്‍ ആസാദിന്റെ അരക്കെട്ടില്‍ ഉരസി പരിക്കേല്‍ക്കുകയായിരുന്നു. ഈ ബുള്ളറ്റ് വാഹനത്തിന്റെ സീറ്റിലാണ് തറച്ചത്. രണ്ടാമത്തെ ബുള്ളറ്റ് കാറിന്റെ പിന്‍വാതിലില്‍ തട്ടി തലനാരിഴ വ്യത്യാസത്തില്‍ കടന്നുപോയി.





