Kozhikode

ലഹരിക്കെതിരെ ഓപ്പറേഷൻ സൽസമുക്ക്, പുതിയ പദ്ധതിയുമായി കോഴിക്കോട് ജില്ലാ ഭരണകൂടം

Please complete the required fields.




കോഴിക്കോട്: ലോക ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ  ഓപ്പറേഷൻ സൽസമുക്ക് പദ്ധതിക്ക് തുടക്കമായി. കലക്ടർ എ.ഗീത ഉദ്ഘാടനം ചെയ്തു.

പൊതുസ്ഥലങ്ങളിൽ ലഹരി ഉപയോഗം കുറയ്ക്കുന്നതിന് വഴിയൊരുക്കുക എന്ന ആശയവുമായാണ് ഓപ്പറേഷൻ സൽസമുക്ക് നടപ്പാക്കുന്നത്. സാമൂഹികവിരുദ്ധർ ലഹരി ഉപയോഗിക്കാനായി തിരഞ്ഞെടുക്കുന്ന പൊതുസ്ഥലങ്ങൾ കണ്ടെത്തി അവ സൗന്ദര്യവൽക്കരിച്ച് പൊതുജനങ്ങൾക്ക് ഉപയോഗയോഗ്യമാക്കി മാറ്റുന്ന പദ്ധതിയാണിത്.

വിദ്യാർഥികൾക്കിടയിൽ വ്യാപകമാകുന്ന ലഹരി ഉപയോഗം കണക്കിലെടുത്ത് വിവിധ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഏകോപനത്തോടെ ആസൂത്രണം ചെയ്യുന്ന പദ്ധതി ഒരു വർഷം നീളും. പരിപാടിയുടെ ഭാഗമായി മാനാഞ്ചിറ ഹെഡ് പോസ്റ്റ് ഓഫിസിന് എതിർവശത്തുള്ള മതിലിൽ മ്യൂറൽ പെയിന്റിങ് മത്സരം നടത്തി.

ജില്ലയിലെ 13 കോളജുകളിലെ 130 വിദ്യാർഥികൾ പങ്കെടുത്തു. ‘പുതുലഹരി’ എന്ന ആശയത്തിൽ 40 മീറ്റർ നീളത്തിലാണ് മ്യൂറൽ പെയിന്റിങ് നടത്തിയത്. ഗവ. മോഡൽ സ്കൂളിലെ 200 കുട്ടികൾ അണിനിരന്ന റാലിയും ലഹരിക്കെതിരെയുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളിച്ച് പ്രിയപ്പെട്ടവർക്കായി കത്തെഴുത്തും നടത്തി.

മ്യൂറൽ പെയിന്റിങ് മത്സരത്തിൽ ഗുരുവായൂരപ്പൻ കോളജ് ഒന്നാം സ്ഥാനം സ്വന്തമാക്കി. തിരുവമ്പാടി അൽഫോൻസ കോളജ് രണ്ടാംസ്ഥാനവും പ്രോവിഡൻസ് കോളജ് മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് കലക്ടർ സമ്മാനം നൽകി. ഗവ. മോഡൽ ഹൈസ്കൂൾ പ്രിൻസിപ്പൽ കെ.റീന അധ്യക്ഷയായിരുന്നു. നർകോട്ടിക്സ് അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിൽ, ജില്ലാ സാമൂഹികനീതി ഓഫിസർ അഷ്‌റഫ് കാവിൽ, പ്രിൻസിപ്പൽ മിനി നാരായൺ, സ്റ്റാഫ് സെക്രട്ടറി എം.വി.സുജ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button