മറിഞ്ഞ ലോറി നിരങ്ങിയെത്തി കാറും സ്കൂട്ടറും ഇടിച്ചു തെറിപ്പിച്ചു; കുടുങ്ങിക്കിടന്ന രണ്ടുപേരെ രക്ഷപ്പെടുത്തി

മലപ്പുറം: മുണ്ടുപറമ്പ് ബൈപ്പാസില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി റോഡിലൂടെ നിരങ്ങിയെത്തി കാറും ബൈക്കും ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽപെട്ട് കുടുങ്ങിക്കിടന്ന രണ്ടുപേരെ രക്ഷപ്പെടുത്തി.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പാലക്കാട് ഭാഗത്തുനിന്നു വന്ന ലോറി നിയന്ത്രണം വിട്ട് റോഡിൽ ചരിഞ്ഞു വീഴുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഇത് അമിത വേഗത്തിലായിരുന്നെന്നാണ് നിഗമനം. റോഡിലൂടെ നിരങ്ങിനീങ്ങിയ ലോറി ആദ്യം ഒരു കാറിലാണ് ഇടിച്ചത്. തുടര്‍ന്ന് കാര്‍, പിന്നിലെത്തിയ സ്കൂട്ടര്‍ യാത്രക്കാരനെ തട്ടിത്തെറിപ്പിക്കുകയായിരുന്നു.
സ്കൂട്ടർ യാത്രക്കാരൻ തെറിച്ചു വീഴുന്നതും ദൃശ്യത്തിൽ കാണാം. കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. സ്കൂട്ടർ യാത്രക്കാരൻ കോഴിക്കോടു ഭാഗത്തുനിന്ന് മുണ്ടുപറമ്പിലേക്ക് വരികയായിരുന്നു. ലോറി മറിയുന്നതു കണ്ട് ഇയാൾ പതുക്കെ വെട്ടിച്ച് ഇടതു വശത്തേക്ക് കയറാൻ നോക്കുന്നുണ്ടെങ്കിലും അതിന് സാവകാശം ലഭിക്കുന്നതിനു മുൻപേ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിയ്ക്കു പിന്നാലെ തെറിച്ചു വീണ സ്കൂട്ടർ യാത്രികൻ സമീപത്തുണ്ടായിരുന്ന ഇരുമ്പു തൂണിന്റെ അടിയിൽപ്പെട്ടു. അതുകൊണ്ടു തന്നെ ഇയാളെ പുറത്തെടുക്കാൻ വളരെ പ്രയാസപ്പെട്ടു. അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും കഠിന പരിശ്രമത്തിലാണ് ഇയാളെ പുറത്തെടുത്തത്. കാറിന്റെ ഡ്രൈവറെയും സ്കൂട്ടർ യാത്രികനെയും രക്ഷപ്പെടുത്തി മഞ്ചേരി മെഡിക്കൽ കോളജിലേക്കു മാറ്റി.





