Kozhikode

കോഴിക്കോട് തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് വാഹനമോഷണം; യുവാവ് പിടിയിൽ

Please complete the required fields.




കോഴിക്കോട് : നഗരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് ഇരുചക്രവാഹന മോഷണം നടത്തുന്ന യുവാവിനെ പൊലീസ് പിടികൂടി. മഞ്ചേരി സ്വദേശി കൊരമ്പയിൽ അനസ് റഹ്മാൻ (20) ആണ് ടൗൺ പൊലീസും സിറ്റി ക്രൈം സ്ക്വാഡും നടത്തിയ വാഹനപരിശോധനയിൽ പിടിയിലായത്.

മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിന് സമീപമുള്ള പാർക്കിങ്ങിൽനിന്നും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നും മോഷണം നടത്തിയ ഇരുചക്രവാഹനങ്ങൾ പ്രതിയിൽനിന്ന് പൊലീസ് കണ്ടെടുത്തു. എ.ഐ കാമറയുടെ കണ്ണുവെട്ടിക്കാനായി മെഡിക്കൽ കോളജിൽനിന്ന് മോഷ്ടിച്ച വാഹനത്തിന്റെ നമ്പർ മാറ്റി അതിലാണ് പ്രതി സഞ്ചരിച്ചിരുന്നത്.

ടൗൺ പൊലീസ് സ്റ്റേഷനിൽ മുമ്പും വാഹനമോഷണ കേസിൽ ഇയാൾ പ്രതിയാണ്. ടൗൺ അസി. കമീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ ഇൻസ്പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്നാണ് പ്രതിയെ പിടിച്ചത്.

ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജുവിന്റെ നിർദേശപ്രകാരം മോഷണം തടയുന്നതിനായി രാത്രിയിൽ ഏർപ്പെടുത്തിയ പ്രത്യേക വാഹനപരിശോധനക്കിടെ കോഴിക്കോട് ബീച്ച് റോഡിൽനിന്നാണ് പ്രതിയെ പിടികൂടിയത്. സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രൻ അറസ്റ്റിന് നേതൃത്വം നൽകി. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ. സുജിത്ത്, ടൗൺ പൊലീസ് സ്റ്റേഷനിലെ എസ്.ഐ മുഹമ്മദ് സിയാദ്, സീനിയർ സി.പി.ഒമാരായ ജിതേഷ് കുമാർ, പി. സജേഷ് കുമാർ എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button