
കൊച്ചി: മദ്യം വാങ്ങാനെത്തിയവരും ജീവനക്കാരും തമ്മിൽ തർക്കമുണ്ടായതിനെത്തുടർന്ന് രവിപുരം ബെവ്കോ ഔട്ട്ലെറ്റിൽ സംഘർഷം. രാവിലെ 11 ഓടെയാണ് സംഭവം. മദ്യം വാങ്ങാനെത്തിയ യുവാവ് ഔട്ട്ലെറ്റിലെ വനിതാ ജീവനക്കാരോട് മോശമായി സംസാരിച്ചത് മറ്റ് ജീവനക്കാർ ചോദ്യം ചെയ്തതോടെ സംഘർഷത്തിന് വഴിമാറുകയായിരുന്നു.
ഇതേതുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വൈപ്പിൻ സ്വദേശി സോൻകുമാറിനെ (സോനു -25) കസ്റ്റഡിയിലെടുത്തു.ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് പൊലീസിനെ കണ്ട് മുങ്ങിയെങ്കിലും പിന്നീട് തിരിച്ചെത്തി ഔട്ട്ലെറ്റിൽ വീണ്ടും സംഘർഷമുണ്ടാക്കി. കൈവശമുണ്ടായിരുന്ന പെട്രോൾ നിറച്ച ബിയർ കുപ്പി ഔട്ട്ലെറ്റിനുനേരെ വലിച്ചെറിയുകയും ചെയ്തു.
കുപ്പിയുടെ ചീള് കാലിൽ കൊണ്ട് മദ്യം വാങ്ങാനെത്തിയ ഒരാൾക്കും സംഘർഷത്തിൽ ബിവറേജ് ജീവനക്കാരനും പരിക്കേറ്റിട്ടുണ്ട്. വൈപ്പിൻ സ്വദേശി ബോണിക്കായി (25) പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾ കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവരാണെന്നാണ് പൊലീസ് നൽകുന്ന സൂചന.





