Kozhikode

പടനിലം പാലം നിർമാണം: സ്ഥലമെടുപ്പിന് തുകയനുവദിച്ചു

Please complete the required fields.




കൊടുവള്ളി : പടനിലം പാലംനിർമാണത്തിന് ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഉടമകൾക്ക് പണംകൈമാറുന്നതിന് തുകയനുവദിച്ച് ധനകാര്യവകുപ്പ് ഉത്തരവായതായി പി.ടി.എ. റഹീം എം.എൽ.എ. അറിയിച്ചു. പാലത്തിനും അപ്രോച്ച് റോഡിനുംവേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വിലയായി മൊത്തം 1,53,90,235 രൂപയാണ് ഉടമകൾക്ക് കൈമാറാനായി അനുവദിച്ചത്.

പാലം നിർമാണത്തിനും സ്ഥലം ഏറ്റെടുക്കുന്നതിനും 2023 മാർച്ച് 16-ന് 7.16 കോടിരൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയിരുന്നു. എന്നാൽ, സ്ഥലമുടമകൾക്ക് നഷ്ടപരിഹാരം കൈമാറാത്തതിനാൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ച് പണി ടെൻഡർചെയ്യാൻ സാധിച്ചിരുന്നില്ല.

പടനിലം – നരിക്കുനി റോഡിന്റെ നവീകരണം പൂർത്തിയായെങ്കിലും പടനിലംപാലം പുനർ നിർമിക്കാത്തതുകാരണം ഗതാഗതക്കുരുക്ക് പതിവായിരുന്നു. ഇതിന് പരിഹാരമായാണ്‌ പുതിയപാലം നിർമിക്കാനുള്ള നടപടിതുടങ്ങിയത്. 2011-ൽ പാലത്തിന് ഭൂമി ഏറ്റെടുക്കാൻ 50 ലക്ഷം രൂപയുടെയും 2018-ൽ പാലം നിർമാണത്തിന് 5.5 കോടി രൂപയുടെയും ഭരണാനുമതി ലഭ്യമാക്കിയിരുന്നുവെങ്കിലും സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിൽ മുന്നോട്ടുപോകാനായില്ല. പാലം നിർമിക്കുന്നതിന് കുന്ദമംഗലം, മടവൂർ വില്ലേജുകളിലായി 34.2 സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്.

അറുപതുവർഷത്തോളം പഴക്കമുള്ള പടനിലത്തെ ഇടുങ്ങിയ പാലം നിലനിർത്തിക്കൊണ്ടാണ് പുതിയ പാലം നിർമിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ആകെ 79 മീറ്റർ നീളത്തിൽ നിർമിക്കുന്ന പുതിയ പാലത്തിന് 1.5 മീറ്റർ വീതിയിലുള്ള ഫുട്പാത്ത് ഉൾപ്പെടെ 9.5 മീറ്റർ വീതിയുണ്ടാകും. പടനിലം ഭാഗത്ത് 150 മീറ്റർ നീളത്തിലും ആരാമ്പ്രംഭാഗത്ത് 80 മീറ്റർ നീളത്തിലും അപ്രോച്ച് റോഡ് നിർമിക്കും. ഒരുകോടിരൂപ ചെലവിൽ വീതികൂട്ടി നവീകരിക്കുന്നതിന് അനുമതിയായ പടനിലം ജങ്ഷന്റെ പ്രവൃത്തികൂടി പാലത്തിനൊപ്പം പൂർത്തിയാക്കുന്നതോടെ ഈഭാഗത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Leave a Reply

Back to top button