
മാവൂർ : വിവാദങ്ങൾക്കൊടുവിൽ ചാലിയാറിന് കുറുകെ കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് നിർമാണം പൂർത്തിയായ കുളിമാട് പാലം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു.
കേന്ദ്രസർക്കാർ കേരളസർക്കാരിനുള്ള ഫണ്ട് കുറച്ചത് ഈ സർക്കാരിനെ വെട്ടാനാണെന്നും ഏതൊക്കെ വെട്ടൽ ഇടതുപക്ഷ സർക്കാരിനെതിരേ വന്നാലും അതിനെയൊക്കെ തരണംചെയ്ത് സർക്കാർ മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.
കൂളിമാട് പാലം യാഥാർഥ്യമായതോടുകൂടി വയനാട് ജില്ലയിൽനിന്നുള്ളവർക്കും താമരശ്ശേരി, തിരുവമ്പാടി, കൊടുവള്ളി, കുന്ദമംഗലം, ചാത്തമംഗലം ഭാഗത്ത് നിന്നുള്ളവർക്കും കൂളിമാട് പാലം കടന്നാൽ അരമണിക്കൂറിനകം കോഴിക്കോട് -വിമാനത്താവളത്തിൽ എത്തിച്ചേരാനാകും.
കൂടാതെ മലപ്പുറം ജില്ലയിലെ അരീക്കോട് കൊണ്ടോട്ടി അടക്കമുള്ള വിവിധ പ്രദേശങ്ങളിലേക്കുള്ള എളുപ്പമാർഗംകൂടിയാണ് കൂളിമാട് പാലംവഴിയുള്ള യാത്ര. 25 കോടി ചെലവിട്ടാണ് പാലം നിർമിച്ചത്. പാലം തുറക്കുന്നതോടെ അഞ്ച് റോഡുകളുടെ സംഗമ കേന്ദ്രമായി കൂളിമാട് മാറും.
കൂളിമാട് കടവിൽ നടന്ന പരിപാടിയിൽ പി.ടി.എ. റഹീം എം.എൽ.എ. അധ്യക്ഷതവഹിച്ചു. എം.കെ. രാഘവൻ എം.പി., എളമരം കരീം എം.പി., എം.പി. അബ്ദുസ്സമദ് സമദാനി എം.പി., ടി.വി. ഇബ്രാഹിം എം.എൽ.എ., ഡാർലിൻ കാർമലിറ്റ ഡിക്രൂസ്, എസ്. ദീപു, ഓളിക്കൽ അബ്ദുൾഗഫൂർ, സി.വി. സക്കറിയ, മുക്കം മുഹമ്മദ്, കെ. അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു.





