Kozhikode

വന്ദേഭാരതിന് കോഴിക്കോട്ട് വൻ വരവേൽപ്പ്‌

Please complete the required fields.




കോഴിക്കോട് : കേരളത്തിന്റെ ട്രെയിൻയാത്രാ സംവിധാനത്തിൽ പുതിയ ഏട് എഴുതിച്ചേർത്ത വന്ദേഭാരതിന് കോഴിക്കോട്ട് വൻ വരവേൽപ്പ്‌. 6.25-ന് കോഴിക്കോട്ടെത്തിയ വന്ദേഭാരതിന് പാലക്കാട് ഡിവിഷണൽ അഡീഷണൽ റെയിൽവേ മാനേജർ സി.ടി. സക്കീർ ഹുസൈൻ, സീനിയർ ഡി.പി.ഒ. സിദ്ധാർഥ്‌ കെ. വർമ, സ്റ്റേഷൻ ഡയറക്ടർ അബ്ദുൾ അസീസ്, മാനേജർ സി.കെ. ഹരീഷ്, ചീഫ് കൊമേഴ്‌സ്യൽ സ്‌പെഷൽ ഇൻസ്‌പെക്ടർ ശ്യാം ശശിധരൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്.

നേരത്തേതന്നെ നാലാം പ്ലാറ്റ് ഫോമിൽ ഒരുക്കിയ പന്തലിൽ കലാപരിപാടികൾ നടന്നു. ട്രെയിൻ സ്റ്റേഷനിലെത്തിയതോടെ വാദ്യമേളങ്ങളുയർന്നു. മറ്റു ട്രെയിനുകൾക്ക് പോകാനുള്ള യാത്രക്കാർപോലും തിങ്ങിക്കൂടിനിന്ന് വന്ദേഭാരതിനൊപ്പംനിന്ന് സെൽഫിയെടുക്കുന്നത് കാണാമായിരുന്നു. വന്ദേഭാരതിലെ കുട്ടികളടക്കമുള്ള യാത്രക്കാർക്കും ചൊവ്വാഴ്ചത്തെ യാത്ര നവ്യാനുഭവമായി.

സ്റ്റേഷനിൽ എൻ.സി.സി., സ്‌കൗട്ട് വിദ്യാർഥികളും ബി.ജെ.പി. പ്രവർത്തകരും സ്വീകരണത്തിനെത്തിയിരുന്നു. കാസർകോട്ടെത്തുമ്പോൾ കൊച്ചുകേരളം പിന്നെയും ചെറുതാവുമോ എന്നു തോന്നിപ്പോകും -ആദ്യയാത്രയിലെ യുവാക്കളിലൊരാളുടെ ന്യൂജെൻ പ്രതികരണം.

Related Articles

Leave a Reply

Back to top button