Kozhikode

കോവിഡ് ഭീതി അകന്നു; തോണിക്കടവിൽ സഞ്ചാരികളുടെ തിരക്ക്

Please complete the required fields.




കൂരാച്ചുണ്ട് : കോവിഡ് പ്രതിസന്ധിക്കു ശേഷം വിനോദ സഞ്ചാര മേഖലയിലേക്ക് ടൂറിസ്റ്റുകൾ എത്തിതുടങ്ങി. കഴിഞ്ഞ ദിവസം  പ്രവർത്തനം ആരംഭിച്ച കല്ലാനോട് തോണിക്കടവ്, കരിയാത്തുംപാറ മേഖലകളിലേക്ക് ഒട്ടേറെ സഞ്ചാരികളാണ് ദിവസേന പ്രകൃതിഭംഗി ആസ്വദിക്കാൻ എത്തുന്നത്. തോണിക്കടവിലെ വാച്ച് ടവറും കക്കയം മലനിരകളും ജലാശയവും പ്രകൃതിയുടെ പച്ചപ്പും ടൂറിസ്റ്റുകൾക്ക് ആകർഷകമാണ്. കുട്ടികളുടെ പാർക്ക്, ഇരിപ്പിടങ്ങൾ,കൂടാരങ്ങൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

സമീപത്തെ കരിയാത്തുംപാറ ബീച്ചിലും ഒട്ടേറെ ടൂറിസ്റ്റുകളാണ് എത്തുന്നത്. കല്യാണ ഫോട്ടോ ഷൂട്ട്, സിനിമ ഷൂട്ടിങ് എന്നിവയ്ക്കും കുടുംബസമേതം സായാഹ്നം ചെലവഴിക്കാനുമായി ഒട്ടേറെ പേരാണു പ്രകൃതിരമണീയമായ മേഖലയിലേക്ക് എത്തുന്നത്. പച്ചപ്പരവതാനി വിരിച്ച കരിയാത്തുംപാറ പുഴയോരത്തെ കാറ്റാടി മരങ്ങളും ഉണങ്ങിയ മരത്തടികളും മലബാറിന്റെ ഊട്ടിയായ കരിയാത്തുംപാറയ്ക്ക് സൗന്ദര്യം വർധിപ്പിക്കുന്നുണ്ട്.

പുഴയോരത്തെ പാറക്കൂട്ടങ്ങൾ, ഉരുളൻ കല്ലുകൾ,തണുത്ത ജലം എന്നിവയും സഞ്ചാരികളുടെ മനസ്സിനു കുളിർമേയേകുന്ന അനുഭവങ്ങളാണ്. ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രത്തിൽ മൂന്നാംഘട്ടത്തിൽ ഹൃദയ ദ്വീപ്,പാലം എന്നിവ ഉടൻ പൂർത്തീകരിക്കും. ഒരു ദിവസത്തെ യാത്രയിൽ തന്നെ ടൂറിസ്റ്റുകൾക്ക് സമീപത്തുള്ള കക്കയം ഡാം സൈറ്റ്,പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രം,വയലട,നമ്പികുളം എന്നിവയും സന്ദർശിക്കാൻ സാധിക്കുമെന്ന പ്രത്യേകതയും ഉണ്ട്.

Related Articles

Leave a Reply

Back to top button