Kozhikode

കക്കോടി കരിയാത്തൻമലയിലെ തീപ്പിടിത്തം : എടോളിമീത്തൽ പദ്ധതിയുടെ പൈപ്പുകൾ കത്തിനശിച്ചു

Please complete the required fields.




കക്കോടി : കക്കോടിമുക്കിന് സമീപം കരിയാത്തൻമലയിലുണ്ടായ തീപ്പിടിത്തത്തെ തുടർന്ന് എടോളിമീത്തൽ കുടിവെള്ളപദ്ധതിയുടെ ഭാഗമായുള്ള അമ്പതോളം വീട്ടുകാർക്ക് കുടിവെള്ളം നിലച്ചു. ജലവിതരണക്കുഴലുകൾ കത്തിനശിച്ചതോടെ പ്രദേശവാസികൾക്ക് കുടിവെള്ളം കിട്ടാക്കനിയായി.

പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ താമസിക്കുന്ന എടോളിമീത്തൽ കോളനിയിൽ 17 വീട്ടുകാരുണ്ട്. വീടുകളിലെത്താൻതന്നെ കുത്തനെയുള്ള കയറ്റം കയറണം. ദൂരെനിന്ന്‌ വെള്ളമെത്തിക്കണമെങ്കിൽ പെടാപ്പാടാണ്. സമീപത്തെ ചാമപ്പറമ്പത്ത് ഭാഗത്തെ വീടുകളിലേക്കും കരിയാത്തൻമലയിൽ സ്ഥാപിച്ച ടാങ്കിൽനിന്നുമാണ് ജലവിതരണം നടത്തിയിരുന്നത്. ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലോറിയിൽ കുടിവെള്ളം എത്തിക്കുന്നുണ്ടെങ്കിലും ദിവസവും കൃത്യമായി വെള്ളമെത്തുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു.

സമീപത്തുകൂടി കടന്നുപോകുന്ന കക്കോടി ബ്രാഞ്ച് കനാലിന്റെ കൈക്കനാലിലും വെള്ളമില്ല. കോൺക്രീറ്റിലുള്ള ടാങ്കിനോട് ചേർന്നുള്ള പ്രധാനപൈപ്പുകളുടെ ഭാഗം പൂർണമായും കത്തിയിട്ടുണ്ട്. മീറ്ററുകളോളം ദൂരത്തിൽ മലയുടെ മുകളിലൂടെ കിണറിൽനിന്നും സംഭരണിയിലേക്കും മറ്റുമുള്ള ഉപലൈനുകളും കത്തിപ്പോയി. മാർച്ച് 31-ന് ഉച്ചയോടെയാണ് തീപ്പിടിത്തമുണ്ടായത്. പത്തേക്കറോളം ഭാഗം അടിക്കാടുകളും പുല്ലും കത്തിപ്പോയി.

അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് പ്രയാസപ്പെട്ടാണ് തീയണച്ചത്. പഞ്ചായത്തുഫണ്ട് ഉപയോഗിച്ച് കത്തിപ്പോയ പൈപ്പുകൾ മാറ്റാനുള്ള തീരുമാനമെടുത്തതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷീബ പറഞ്ഞു.

Related Articles

Leave a Reply

Back to top button