
മാന്നാർ : സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ് ആലപ്പുഴയിൽ എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. മാന്നാർ ഇരമത്തൂർ പരുവതറയിൽ സദാനന്ദന്റെ മകൻ മണികണ്ഠൻ (15) നാണ് എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ പരിക്കേറ്റത്.
മാന്നാർ കോയിക്കൽ ജങ്ഷനിൽ വെച്ച് ഇന്ന് ഉച്ചക്ക് ഒരു മണിയോടെ ആണ് അപകടം സംഭവിച്ചത്. മാന്നാർ നായർ സമാജം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ആണ് അപകടത്തിൽ പെട്ടത്. എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ് ബസിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കോയിക്കൽ ജങ്ഷനിൽ ബസ് ഇറങ്ങുമ്പോൾ വാതിലുകൾ അടക്കാതെ അശ്രദ്ധമായി ബസ് മുന്നോട്ടു എടുത്തപ്പോളാണ് വിദ്യാർത്ഥി ബസിൽ നിന്ന് തെറിച്ചു റോഡിലേക്ക് വീണത്. തിരുവല്ലയിൽ നിന്ന് കായംകുളത്തേക്ക് പോയ അശ്വതി ബസിൽ നിന്നാണ് വിദ്യാർത്ഥി തെറിച്ചു വീണത്.
അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ മണികണ്ഠൻ പരുമല ആശുപത്രിയിൽ തലക്ക് ശസ്ത്രക്രിയ നടത്തിയ ശേഷം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മാന്നാറിൽ സ്വകാര്യ ബസുകളുടെ മത്സര ഓട്ടവും അമിത വേഗതയും പതിവാണ്.
രണ്ടു മാസത്തിന് മുമ്പും ഇതേ രീതിയിൽ ബസിൽ നിന്ന് തെറിച്ചു വീണ് പ്ലസ് ടു വിദ്യാർത്ഥിനിക്ക് പരിക്കേറ്റിരുന്നു. വാതിലുകൾ അടക്കാതെ മത്സര ഓട്ടം നടത്തുന്ന സ്വകാര്യ ബസുകൾക്ക് എതിരെ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.





