
കണ്ണൂര് : ജില്ലയിൽ നടത്തിയ ഓപ്പറേഷൻ പീ ഹണ്ടിൽ ഒട്ടേറെപ്പേർ പിടിയിലായി. 27 പോലീസ് സ്റ്റേഷൻ പരിധികളിലായി പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ റെയ്ഡിൽ 27 കേസുകൾ രജിസ്റ്റർ ചെയ്തു. അഞ്ചുപേരെ അറസ്റ്റ് ചെയ്തു.
ചൊക്ലി, ധർമടം,എടക്കാട് , കണ്ണൂർ സിറ്റി എന്നീ സ്റ്റേഷനുകളിലാണ് അറസ്റ്റ് നടന്നത്. ഇവരിൽനിന്ന് ഇത്തരം വെബ് സൈറ്റുകൾ സന്ദർശിച്ചതിനും വീഡിയോ ഡൗൺ ലോഡ് ചെയ്തതിനുമുള്ള തെളിവുകൾ പോലീസ് ശേഖരിച്ചു.
ഫോണുകൾ‚ ലാപ്ടോപ്പ്, കംപ്യൂട്ടർ എന്നിവ പോലീസ് പിടികൂടി പരിശോധിച്ചു വരികയാണ്. സാമൂഹികമാധ്യമങ്ങൾ വഴിയും ഓൺലൈൻ വഴിയും കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ ഡൗൺലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ഇൻറർപോളുമായി സഹകരിച്ചാണ് കേരളാ പോലീസ് പീ-ഹണ്ട് നടത്തിയത്.
കാസർകോട് ജില്ലയിലും കുട്ടികളുടെ അശ്ലീലം തിരഞ്ഞ നിരവധിപേർ പിടിയിൽ. ഓപറേഷൻ പി. ഹണ്ടിന്റെ ഭാഗമായി പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ സൈറ്റുകളിൽ കുട്ടികളുടെ അശ്ലീലം തിരഞ്ഞ നിരവധി പേർ പിടിയിൽ . ബേഡകം പൊലീസ് ഞായറാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ ഒരാൾ പിടിയിലായി.
മുന്നാട് വട്ടം തട്ടയിലെ യുവാവ് രണ്ട് നമ്പറുകളിൽ നിന്നായി ഉപയോഗിച്ച ഫോൺ പൊലീസ് കണ്ടെത്തി.അശ്ലീലം തിരഞ്ഞതിന്റെ തെളിവുകൾ ഫോണിൽ നിന്നും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കേസെടുത്തിട്ടുണ്ട്. ഹോസ്ദുർഗ് പൊലീസ് നടത്തിയ പരിശോധനയിൽ രണ്ട് പേരിൽ നിന്നും മൊബൈൽ ഫോണുകൾ പിടികൂടി.
അജാനൂർ ഇട്ടമ്മൽ സൗത്ത്സ്വദേശിയിൽ നിന്നും ചിത്താരി മുക്കൂട് സ്വദേശിയിൽ നിന്നുമാണ് ഫോണുകൾ പിടിച്ചത്. വെള്ളരിക്കുണ്ട്പൊലീസ് നടത്തിയ പരിശോധനയിൽ ഒരാളെ കണ്ടെത്തി. പരപ്പമാളുർക്കയം സ്വദേശിയിൽ നിന്നാണ് ഫോൺ പിടിച്ചത്. വിദ്യാ നഗർ പൊലീസ് ചെങ്കള റഹ്മത്ത് നഗർസ്വദേശിയിൽ നിന്നും കുട്ടികളുടെ അശ്ലീലം തിരഞ്ഞ മൊബൈയിൽ ഫോൺ കണ്ടെത്തി.
കാസർകോട് പൊലീസ് ചേരങ്കൈ സ്വദേശിയിൽ നിന്നും ഫോൺ പിടിച്ചു. ചെമ്പിരിക്ക, കട്ടക്കാൽ സ്വദേശികളായ രണ്ട് പേരിൽ നിന്നും അശ്ലീലം തിരഞ്ഞ ഓരോ ഫോണുകൾ വീതം പിടികൂടി. മേൽപറമ്പ പൊലീസാണ് പിടികൂടിയത്ചന്തേര പൊലീസ് നടത്തിയ പരിശോധനയിൽ നാല് പേർ കുടുങ്ങി. ഉദിനൂർ പെരിയോത്ത്, പി ലിക്കോ ട് മടിവയൽ, വലിയ പറമ്പ ഇടയിലക്കാട്.
ചെറുവത്തൂർ റെയിൽവെ സ്റ്റേഷന് സമീപം താമസിക്കുന്ന യുവാവുമാണ് കുടുങ്ങിയത്. എല്ലാവരുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് കേസെടുത്തിട്ടുണ്ട്. പോണോഗ്രഫി കാണുന്നുണ്ടെന്ന കാസർകോട് സൈബർ സെല്ല് നൽകിയ വിവരത്തിലായിരുന്നു വീട്ടിലെത്തി പൊലീസ് പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം രാത്രി ജില്ലയിൽ പി. ഹണ്ടിന്റെ ഭാഗമായി വ്യാപക അന്വേഷണം നടന്നു. പലരുടെയും ഫോണുകളിൽ അശ്ലീല വീഡിയോകൾ കണ്ടെത്തി. ചിലർ കണ്ടതിനു ശേഷം ഡിലീറ്റ് ചെയ്തതായും കണ്ടെത്തി. വിവിധ സോഷ്യൽ മീഡിയകൾ വഴി പ്രചരിപ്പിച്ചതായും പൊലീസിന് തെളിവ് ലഭിച്ചു.





