
ഇന്ത്യൻ സ്മാർട്ട് ഗ്രിഡ് ഫോറം നൽകുന്ന ഡയമണ്ട് അവാർഡ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന് ലഭിച്ചു. ഇരുചക്ര മുച്ചക്ര വൈദ്യുത വാഹനങ്ങൾക്കായി രാജ്യത്തുതന്നെ ആദ്യമായി കെ.എസ്.ഇ.ബി ആവിഷ്ക്കരിച്ച പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾ എന്ന നവീന ആശയമാണ് അവാർഡിന് അർഹമായത്. 2023 മാർച്ച് 3ന് ഡെൽഹിയിൽ നടക്കുന്ന പുരസ്കാരദാന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. സംസ്ഥാനമൊട്ടാകെ വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ച ഇത്തരം ചാർജറുകൾ വഴി വൈദ്യുത വാഹന രംഗത്ത് വലിയ മുന്നേറ്റമാണ് കെ.എസ്.ഇ.ബി നടത്തിയത്.
സംസ്ഥാനമൊട്ടാകെ ഓരോ നിയോജക മണ്ഡലത്തിലും അതത് എം.എൽ.എമാർ നിർദ്ദേശിച്ച സ്ഥലങ്ങളിലാണ് 1150 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചത്. പദ്ധതിയുടെ തുടക്കമെന്ന നിലയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഇ-ഓട്ടോറിക്ഷകൾ ഉള്ള കോഴിക്കോട് ജില്ലയിൽ 10 പൈലറ്റ് സ്റ്റേഷനുകൾ സ്ഥാപിച്ചിരുന്നു. പൈലറ്റ് പദ്ധതി വൻവിജയമായതിനെ തുടർന്ന്, വൈദ്യുത ഇരുചക്ര മുച്ചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ ആവശ്യപ്രകാരമാണ് സംസ്ഥാന വ്യാപകമായി പദ്ധതി വിപുലീകരിച്ചത്. മൂലധനചെലവ് പരമാവധി കുറച്ചുകൊണ്ട് നിലവിലുള്ള വൈദ്യുതി പോസ്റ്റുകളിൽ തന്നെ ചാർജിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചത് വഴി കുറഞ്ഞ ചെലവിൽ യഥേഷ്ടം ചാർജിംഗ് നടത്തുന്നതിനുള്ള സൗകര്യമാണ് ലഭ്യമായിട്ടുള്ളത്. അത്യാവശ്യഘട്ടങ്ങളിൽ വൈദ്യുത കാറുകൾ ചാർജ് ചെയ്യുന്നതിനും ഇവ ഉപയോഗിക്കാൻ കഴിയും.





