Thiruvananthapuram

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം: പോക്സോയ്ക്ക് പിന്നാലെ പട്ടികവർഗ പീഡനക്കുറ്റവും; സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കും

Please complete the required fields.




തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിയമനടപടികൾ കടുക്കുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച സംഭവത്തിൽ നിലവിലുള്ള പോക്സോ കേസിന് പുറമെ, പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തും.

കേസിൽ പട്ടികവർഗ പീഡന വിരുദ്ധ വകുപ്പുകൾ കൂടി ഉൾപ്പെടുത്തുമെന്ന് എസ്.ടി കമ്മീഷൻ നിയമ ഉപദേശകൻ പ്രകാശ് ഉയ്‌ക്കെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ കൂട്ടുനിന്നവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. സംഭവത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രകാശ് ഉയ്‌ക്കെ ചൂണ്ടിക്കാട്ടുന്നു.

വിവാഹത്തിന് കാർമികത്വം വഹിച്ച കേരളത്തിലെ സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ കേസും വിവാദങ്ങളും പുകയുമ്പോഴും കല്യാണത്തിന് നേതൃത്വം നൽകിയ സിപിഎം നേതാക്കൾ ഇതുവരെ പ്രതികരിക്കാൻ തയ്യാറാകാതെ മൗനം തുടരുകയാണ്.

വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ്റെ കണ്ടെത്തലിനെത്തുടർന്നാണ് മധ്യപ്രദേശ് പൊലീസ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തത്. കഴിഞ്ഞ മാർച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തി.​ വിവാഹത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചെന്നാണ് ദേശീയ പട്ടികവർഗ കമ്മീഷൻ്റെ കണ്ടെത്തല്‍. 2009 ഡിസംബർ 30-നാണ് പെൺകുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതായും കമ്മീഷൻ റിപ്പോർട്ടിലുണ്ട്. ഇതോടെയാണ് ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. വിഷയത്തിൽ കേരള, മധ്യപ്രദേശ് ഡിജിപിമാരോട് ഡൽഹിയിൽ ഹാജരാകാൻ കമ്മീഷൻ നിർദ്ദേശം നൽകി.

സിപിഎം നേതാക്കളായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ കല്യാണവാർത്ത അറിഞ്ഞ് ആദ്യം അന്ന് ഓടിയെത്തിയത്. സർക്കാറിന്‍റെയും സിപിഎമ്മിന്റെയും പേരിൽ ആശംസകൾ നേർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ,​ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി,​ എ എ റഹീം എം പി തുടങ്ങിയവർ വിവാഹചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതാണ് റിയൽ കേരള സ്റ്റോറിയെന്ന് നേതാക്കൾ വാനോളം പുകഴ്ത്തുകയും ചെയ്തു. പോക്സോ കേസായതോടെ അന്ന് രക്തഹാരവും ബൊക്കയും ഒക്കെ സമ്മാനിച്ച നേതാക്കൾ മിണ്ടുന്നില്ല.

Related Articles

Back to top button