
കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ കേന്ദ്ര വിഹിതത്തിനായി ശ്രമിക്കുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയി പറഞ്ഞു. കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. മാസ്റ്റർപ്ലാൻ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി രണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആശുപത്രി സന്ദർശിച്ചിരുന്നു. തുടർഅന്വേഷണങ്ങൾക്കായാണ് ചീഫ് സെക്രട്ടറിയെത്തിയത്.
ആശുപത്രിവികസനം സംബന്ധിച്ച് കളക്ടർ, ആശുപത്രി ജീവനക്കാർ, വികസനസമിതി അംഗങ്ങൾ എന്നിവരുമായി അദ്ദേഹം ചർച്ചനടത്തി. ആശുപത്രിയിൽ സ്ഥിരം സൂപ്രണ്ടില്ലാത്തതും ചർച്ചയിൽ ഉന്നയിച്ചു.
കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയൂഷ് നമ്പൂതിരിപ്പാട്, മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഇൻചാർജ് ഡോ. പി.സി. അരവിന്ദാക്ഷൻ തുടങ്ങിയവർ പങ്കെടുത്തു.





