
കട്ടിപ്പാറ : കട്ടിപ്പാറയിൽ സ്ഥിതിചെയ്യുന്ന ഗവ. വെറ്ററിനറി ആശുപത്രിയിൽ എട്ടുമാസത്തിലധികമായി ഡോക്ടറുടെ സേവനം ലഭ്യമല്ലാത്ത സാഹചര്യത്തിൽ അടിയന്തരമായി വെറ്ററിനറി ഡോക്ടറുടെ ഒഴിവ് നികത്തണമെന്ന് യു.ഡി.എഫ്. ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്തിന്റെ നേതൃത്വത്തിൽ ഭരണസമിതിയംഗങ്ങൾ ജില്ലാ മൃഗസംരക്ഷണ ഓഫീസറെ സന്ദർശിച്ച് നിവേദനം നൽകി.
ഇൻഷുറൻസ് പരിരക്ഷയുള്ള മൃഗങ്ങൾ ചാവുമ്പോൾ വെറ്ററിനറി ഡോക്ടറുടെ അഭാവംകാരണം ക്ഷീരകർഷകർ ആനുകൂല്യം ലഭിക്കാൻ പ്രയാസമനുഭവിക്കുകയാണെന്ന് നിവേദകസംഘം ചൂണ്ടിക്കാട്ടി.
വൈസ് പ്രസിഡന്റ് ജിൻസി തോമസ്, സ്ഥിരംസമിതി അധ്യക്ഷരായ അനിൽ ജോർജ്, ഷാഹിം ഹാജി, പഞ്ചായത്തംഗങ്ങളായ അബൂബക്കർ കുട്ടി, പ്രേംജി ജെയിംസ്, അഷ്‌റഫ് പൂലോട്, ബിന്ദു സന്തോഷ്, സാജിത ഇസ്മായിൽ, ആസൂത്രണസമിതി ഉപാധ്യക്ഷൻ ഹാരിസ് അമ്പായത്തോട് തുടങ്ങിയവർ നിവേദകസംഘത്തിലുണ്ടായിരുന്നു.





