
സിറോ മലബാർ സഭാ സിനഡിന് ഇന്ന് തുടക്കം. കുർബാന എകീകരണത്തിന് ശേഷമുള്ള ആദ്യ സിനഡ് ആണ് ഇന്ന് ചേരുന്നത്. സിനഡ് തീരുമാനത്തിനെതിരെ പരസ്യ നിലപാടെടുത്ത എറണാകുളം അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പ് ആൻറണി കരിയലിനെതിരെ നടപടികൾക്കുള്ള സാധ്യത സജീവമാണ്. തീരുമാനങ്ങളുമായി സിനഡ് മുന്നോട്ട് പോകുകയാണെങ്കിൽ വരും നാളുകളിൽ സഭയിൽ പ്രതിസന്ധിയും രൂക്ഷമാകും.
ഇന്നു മുതൽ ജനുവരി 15 വരെ സിറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട്ടെ മൗണ്ട് സെൻറ് തോമസിലാണ് സമ്പൂർണ്ണ സിനഡ് നടക്കുന്നത്. കഴിഞ്ഞ രണ്ടു വർഷവും കൊവിഡ് കാരണം ഓൺലൈനായാണ് സിനഡ് ചേർന്നത്. കുർബാന ഏകീകരണത്തിൽ കഴിഞ്ഞ സിനഡിലും ഒത്തൊരുമ ഇല്ലായിരുന്നുവെന്നും 12 ബിഷപ്പുമാരുടെ വിയോജിപ്പ് വത്തിക്കാനെ അറിയിച്ചില്ല എന്നും സിനഡിൽ പങ്കെടുത്ത് ആറ് ബിഷപ്പുമാർ വത്തിക്കാന് കത്തെഴുതിയിരുന്നു. ഇതെല്ലാം സിനഡിൽ ചർച്ചയാകും.





