
പാരിസ്: ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരത്തില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് അര്‍ജന്റീന കപ്പെടുത്തെങ്കിലും വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. മത്സരത്തിലെ പല നിര്‍ണ്ണായക തീരുമാനങ്ങളും എടുത്ത പോളണ്ടുകാരനായ റഫറി സൈമണ്‍ മാര്‍സിനിയക്കിനെ ചുറ്റിപ്പറ്റിയാണ് വിവാദങ്ങള്‍ ഉടലെടുത്തത്. ഇതിന് പിന്നാലെ ഫ്രാന്‍സ് ആരാധകര്‍ റഫറിയ്ക്ക് വില്ലന്‍ വേഷം പതിച്ചു നല്കി. ഇപ്പോഴിതാ, ഫൈനല്‍ മത്സരത്തില്‍ തനിക്ക് ഒരു അബദ്ധം പറ്റിയെന്ന് സമ്മതിച്ചിരിക്കുകയാണ് റഫറി.
മെസിയുടെ രണ്ടാം ഗോളിനെതിരെയായിരുന്നു വിമര്‍ശനങ്ങള്‍ അധികവും ഉയര്‍ന്നിരുന്നത്. മെസി ഷോട്ട് എടുക്കുമ്ബോള്‍ തന്നെ കുറച്ച് അര്‍ജന്റീന താരങ്ങള്‍ സൈഡ് ലൈന്‍ കടന്ന് ഗ്രൗണ്ടിലേക്ക് കയറിയെന്നായിരുന്നു ഫ്രാന്‍സ് ആരാധകരുടെ ആരോപണം. ഗോള്‍ നേടുമ്ബോള്‍ മൈതാനത്ത് അധികമായി ഒരാള്‍ ഉണ്ടായിരുന്നുവെന്ന് ഒരു ഗോള്‍ വീണതിന് ശേഷം കളി പുനരാരംഭിക്കുന്നതിന് മുമ്ബായി റഫറി മനസിലാക്കിയാല്‍ ആ ഗോള്‍ അനുവദിക്കരുതെന്നാണ് ഫിഫ നിയമം. ഇതാണ് മെസിയുടെ ഗോളിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
ഈ വിമര്‍ശനത്തിന് മറുപടിയായി എംബാപ്പെ പെനാല്‍റ്റിയില്‍ മൂന്നാം ഗോള്‍ നേടുമ്ബോഴും ഫ്രഞ്ച് താരങ്ങള്‍ മൈതാനത്തിറങ്ങിയെന്നും എന്നിട്ടും ഗോള്‍ അനുവദിക്കുകയായിരുന്നുവെന്നും റഫറി തുറന്നടിച്ചു. എംബാപ്പെ ഗോള്‍ നേടുന്ന ചിത്രം കാണിച്ചായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
കൂടാതെ അര്‍ജന്റീന താരം മാര്‍കോസ് അകുന നടത്തിയ മോശം ടാക്ലിംഗിനെ
തുടര്‍ന്ന് ഒരിക്കല്‍ ഫ്രഞ്ച് കൗണ്ടര്‍ നീക്കത്തെ തടസ്സപ്പെടുത്തിയതായി അദ്ദേഹം തുറന്നു സമ്മതിച്ചു. ശരിക്കും ഫൗളേറ്റു വീണ താരത്തിന് കാര്യമായി എന്തെങ്കിലും സംഭവിച്ചുവെന്നാണ് തോന്നിയത്. അങ്ങനെയാണ് കളി നിര്‍ത്തിയത്. എന്നാല്‍ ഒന്നും പറ്റിയിരുന്നില്ല. ഫൈനല്‍ പോലുള്ള മത്സരങ്ങളില്‍ ഇത്തരം അബദ്ധങ്ങള്‍ പ്രശ്നം തന്നെയാണ്. എന്നിരുന്നാലും വലിയ അബദ്ധങ്ങള്‍ സംഭവിച്ചിട്ടില്ലെന്നും റഫറി കൂട്ടിച്ചേര്‍ത്തു.
അതേ സമയം ഫൈനല്‍ വീണ്ടും നടത്താന്‍ ആവശ്യപ്പെട്ട് ഒരു കൂട്ടം ആരാധകര്‍ രംഗത്തെത്തി. ഫ്രഞ്ച് ആരാധകരാണ് അര്‍ജന്റീന- ഫ്രാന്‍സ് മത്സരം വീണ്ടും നടത്തണമെന്ന ഹര്‍ജിയുമായി രംഗത്തെത്തിയത്. ഏകദേശം രണ്ടുലക്ഷത്തോളം പേരാണ് ഭീമന് ഹര്‍ജിയില്‍ ഇതിനോടകം ഒപ്പിട്ട് കഴിഞ്ഞത്.





