Thiruvananthapuram

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു; 40,000 കടന്നു

Please complete the required fields.




തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഒരു പവൻ സ്വർണത്തിന് 400 രൂപ വർദ്ധിച്ച് 40240 രൂപയായി. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുതിച്ചുയർന്നതാണ് സംസ്ഥാന വിപണിയിൽ വില ഉയരാനുള്ള കാരണം.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 50 രൂപ വർദ്ധിച്ചു. വിപണിയിൽ ഇന്നത്തെ വില 5030 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 40 രൂപ വർദ്ധിച്ചു. ഇന്നത്തെ വിപണി വില 4155 രൂപയാണ്. അന്താരാഷ്ട്ര സ്വർണ വില ഔൺസിന് 1811 ഡോളറാണ്. 24 കാരറ്റ് സ്വർണത്തിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 55.5 ലക്ഷം രൂപ കടന്നിട്ടുണ്ട്.

ഒൻപത് മാസത്തിന് ശേഷമാണ് സ്വർണവില ഇത്രയും ഉയർന്നത്. 2022 മാർച്ച് 9 ന് രാവിലെ സ്വർണ വില ഗ്രാമിന് 5070 രൂപ വരെ എത്തിയിരുന്നു. അന്താരാഷ്ട്ര സ്വർണ വില ഔൺസിന് 2046 ഡോളറായിരുന്നു അന്നത്തെ വില. രൂപയുടെ വിനിമയ നിരക്ക് 76.10 ലുമായിരുന്നു.

കഴിഞ്ഞ എട്ട് മാസത്തിനിടെ 250 ഡോളറിനടുത്ത് അന്താരാഷ്ട്ര വില കുറഞ്ഞപ്പോൾ രൂപയുടെ മൂല്യം ഇടിഞ്ഞ് 83 രൂപയിലെത്തിയത് രാജ്യത്ത് വില വർദ്ധനവിന് കാരണമായി. കേരളമൊഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും കഴിഞ്ഞ രണ്ട് ആഴ്ചയിലേറെയായി സ്വർണ വില 5000 രൂപയ്ക്ക് മുകളിലായിരുന്നു.

പുതുവർഷത്തിൽ സ്വർണ വിലയിൽ വലിയ വർദ്ധനവുണ്ടാകുമെന്നാണ് വിപണിയിലെ സൂചന. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപ വർദ്ധിച്ച് 74 രൂപയായി. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

Related Articles

Leave a Reply

Back to top button