Kozhikode

എംബിബിഎസ് ക്ലാസിൽ പ്ലസ്ടു വിദ്യാർഥിനി ഇരുന്ന സംഭവം:പൊലീസ് നടപടികൾ അവസാനിപ്പിച്ചു

Please complete the required fields.




കോഴിക്കോട് : പ്ലസ് ടു വിദ്യാര്‍ഥിനി, കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസിൽ ഇരുന്ന സംഭവത്തില്‍ പൊലീസ് നടപടികള്‍ അവസാനിപ്പിച്ചു. കുറ്റകൃത്യങ്ങളൊന്നും നടന്നിട്ടില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് പൊലീസിന്‍റെ നടപടി. മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെത്തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് പെണ്‍കുട്ടി ക്ലാസിലെത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

കഴിഞ്ഞ നീറ്റ് പരീക്ഷ എളുപ്പമായിരുന്നതിന്‍റെ സന്തോഷത്തില്‍ കുടുംബ സമേതം ഗോവയിലേക്ക് വിനോദയാത്രക്ക് പോയതായിരുന്നു പെണ്‍കുട്ടി. ഗോവയിലെത്തിയപ്പോഴാണ് പരീക്ഷാ ഫലം വന്നത്. ആ സമയത്ത് ഫലം പരിശോധിച്ചപ്പോള്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചെന്ന് കരുതി മെഡിക്കല്‍ പ്രവേശനം ഉറപ്പായെന്ന് പെണ്‍കുട്ടി ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞു.

ഇതോടെ നാട്ടില് പെണ്‍കുട്ടിയെ അഭിന്ദനിച്ച് ഫ്ളെക്സ് ബോര്‍ഡുകളുമുയര്‍ത്തി. പക്ഷേ നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ഫലം പരിശോധിച്ചതില്‍ പിഴവ് വന്നെന്ന് പെണ്‍കുട്ടിക്ക് മനസിലായത്. റാങ്ക് പതിനയ്യായിരത്തിന് മുകളിലാണെന്ന് മനസിലായതോടെ പെണ്‍കുട്ടി മനോവിഷമത്തിലായി. ഇതോടെയാണ് നാട്ടുകാരെ ബോധ്യപ്പെടുത്താനായി രണ്ടും കല്‍പ്പിച്ച് പെണ്‍കുട്ടി മെഡിക്കല്‍ കോളേജിലെ എം ബി ബിഎസ് ക്ലാസിലെത്തിയത്. പിന്നീട് ക്ലാസില്‍ നിന്നും സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കി.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങളെല്ലാം വ്യക്തമായത്. രക്ഷിതാക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷലിനെത്തിയ പെണ്‍കുട്ടി സംഭവിച്ച തെറ്റില്‍ മാപ്പ് പറഞ്ഞു. ഇതോടെയാണ് പെണ്‍കുട്ടിയുടെ ഭാവിയെക്കരുതി തുടര്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്.അതേ സമയം സംഭവത്തില്‍ ആഭ്യന്തര അന്വേഷണം തുടരാനാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ തീരുമാനം. ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.

Related Articles

Leave a Reply

Back to top button