
കുന്ദമംഗലം: സ്കൂൾമൈതാനത്ത് അഭ്യാസപ്രകടനം നടത്തിയതിൽ 20 വാഹന ഉടമകളുടെ പേരിൽ കേസെടുത്തു. അപകടകരമായരീതിയിൽ വാഹനം ഓടിച്ചതിനും അതിവേഗത്തിനുമാണ് കൊടുവള്ളി മോട്ടോർവാഹനവകുപ്പ് കേസെടുത്തത്.
ഇവരിൽനിന്ന് 6000 രൂപ പിഴയും ഈടാക്കും. വാഹനം ഓടിച്ചവരുടെ ലൈസൻസ് റദ്ദാക്കാൻ ജോയന്റ് ആർ.ടി.ഒ.യോട് ശുപാർശയും ചെയ്തിട്ടുണ്ട്. കാറും ബൈക്കുമടക്കം 11 വാഹനങ്ങളാണ് വ്യാഴാഴ്ച മോട്ടോർവാഹനവകുപ്പിന് മുന്നിൽ ഹാജരാക്കിയത്.
ബാക്കിയുള്ളവർക്ക് നോട്ടീസയച്ചിട്ടുണ്ട്. ലോകകപ്പ് ഫുട്‌ബോൾ ആഘോഷത്തിന്റെ ഭാഗമായാണ് ബുധനാഴ്ച മർകസ് ഗ്രൗണ്ടിൽ വിദ്യാർഥികൾ കാറുകളും ബൈക്കുകളുമായി അഭ്യാസപ്രകടനം നടത്തിയത്.





