India

ഇന്ന് മുതൽ രാഷ്ട്രപതി ഭവൻ പൊതുജനങ്ങൾക്ക് സന്ദർശിക്കാം

Please complete the required fields.




ഡൽഹി: ഡിസംബർ ഒന്ന് മുതൽ ആഴ്ചയിൽ അഞ്ച് ദിവസവും രാഷ്ട്രപതി ഭവൻ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നു. ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയാണ് രാഷ്ട്രപതി ഭവൻ. വാസ്തുശില്പികളായ സർ എഡ്വിൻ ലൂട്ടിയൻസ്, ഹെർബർട്ട് ബേക്കർ എന്നിവരുടെ സൃഷ്ടിയാണ് ഇത്.

330 ഏക്കർ എസ്റ്റേറ്റിൽ 5 ഏക്കർ വിസ്തൃതിയിൽ എച്ച് ആകൃതിയിലുള്ള കെട്ടിടമാണിത്. രാഷ്ട്രപതി ഭവനിൽ നാല് നിലകളിലായി 340 മുറികൾ, 2.5 കിലോമീറ്റർ വലുപ്പമുള്ള ഇടനാഴികൾ, 190 ഏക്കർ ഗാർഡൻ ഏരിയ എന്നിവയുണ്ട്. കൊവിഡ് 19 വ്യാപനം കാരണം രാഷ്ട്രപതി ഭവനിലേക്കുള്ള സന്ദർശനം പൊതുജനങ്ങൾക്ക് വെറും രണ്ട് ദിവസമായി പരിമിതപ്പെടുത്തിയിരുന്നു.

എന്നാൽ വീണ്ടും ദിവസങ്ങളുടെ എണ്ണം വർധിപ്പിക്കുന്നത് പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പൊതുജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാക്കുന്നതിനും പ്രവൃത്തിദിവസങ്ങളിലും അതിലേക്ക് പ്രവേശനം അനുവദിക്കുന്നതിനുമാണ് എന്ന് കഴിഞ്ഞ മാസം പ്രസിഡന്റിന്റെ വക്താവ് പറഞ്ഞിരുന്നു. രാഷ്ട്രപതി ഭവന്റെ പ്രധാന കെട്ടിടത്തിന്റെ (സർക്യൂട്ട് 1) ഭാഗങ്ങൾ ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഗസറ്റഡ് അവധി ദിവസങ്ങളിൽ ഒഴികെ പൊതുജനങ്ങൾക്ക് ലഭ്യമാകും.

രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്ക് 2 മുതൽ 4 വരെയും ഒരു മണിക്കൂർ വീതമുള്ള അഞ്ച് സമയ സ്ലോട്ടുകളിലായി ആണ് സന്ദർശനം അനുവദിക്കുക .ഒരു സന്ദർശകന് 50 രൂപയാണ് രജിസ്ട്രേഷൻ ചാർജ്.

ഗസറ്റഡ് അവധി ദിവസങ്ങളിൽ ഒഴികെ ചൊവ്വാഴ്ച മുതൽ ഞായർ വരെ ആഴ്ചയിൽ ആറ് ദിവസവും രാഷ്ട്രപതി ഭവൻ മ്യൂസിയം കോംപ്ലക്സ് സന്ദർശിക്കാം.എല്ലാ ശനിയാഴ്ചകളിലും രാവിലെ 8 മുതൽ 9 വരെ രാഷ്ട്രപതിഭവൻ ഫോർകോർട്ടിലെ ഗാർഡ് മാറ്റ ചടങ്ങിന് നിങ്ങൾക്ക് സാക്ഷ്യം വഹിക്കാം.പ്രസിഡന്റിന്റെ അംഗരക്ഷകരുടെ പുതിയ സംഘത്തെ ചുമതലയേൽപ്പിക്കാൻ എല്ലാ ആഴ്‌ചയും നടക്കുന്ന ഒരു സൈനിക പാരമ്പര്യമാണ് ഗാർഡ് മാറ്റ ചടങ്ങ്.

Related Articles

Leave a Reply

Back to top button