
നരിക്കുനി: നരിക്കുനിയില്‍ ബസ്സില്‍ നിന്ന് തെറിച്ചു വീണ യാത്രക്കാരി ബസ്സിന് അടിയില്‍പ്പെട്ട് മരിച്ചു. നരിക്കുനി ഒടുപാറയില്‍ വാടകക്ക് താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ നരിക്കുനി എളേറ്റില്‍ റോഡില്‍ നെല്ലിയേരി താഴെത്തായിരുന്നു അപകടം.
താമരശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്നു അലങ്കാര്‍ ബസ്സില്‍ നെല്ലിയേരി താഴത്ത് നിന്നാണ് ഉഷ കയറിയത്. തൊട്ടടുത്തുള്ള വളവില്‍ എത്തിയപ്പോള്‍ ഉഷ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉഷയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്പസമയത്തിനകം മരിച്ചു. ബസ്സിന്റെ വാതില്‍ അടക്കാതിരുന്നതാണ് അപകടത്തിന് കാരണം.





