Kozhikode

മോഷ്ടിച്ച ബൈക്കില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കയറ്റികൊണ്ടുപോയി കവര്‍ച്ച നടത്തുന്ന പ്രതി താമരശ്ശേരിയില്‍ പിടിയില്‍

Please complete the required fields.




താമരശ്ശേരി : മോഷ്ടിച്ച ബൈക്കില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കയറ്റികൊണ്ടുപോയി കവര്‍ച്ച നടത്തുന്ന പ്രതി താമരശ്ശേരിയില്‍ പോലീസിന്റെ പിടിയിലായി. താമരശ്ശേരിയില്‍ വാടകക്ക് താമസിക്കുന്ന പൂനൂര്‍ പുതിയോട്ടില്‍ മുഹമ്മദ് സഫ്വാന്‍(23) ആണ് താമരശ്ശേരി ഡി വൈ എസ് പി അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വ ത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. താമരശ്ശേരി, കൊടുവള്ളി, ഓമശ്ശേരി, പൂനൂര്‍ മേഖലകളില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കവര്‍ച്ച ചെയ്ത കേസിന്റെ അന്വേഷണത്തിലാണ് താമരശ്ശേരിയില്‍ വാടകക്ക് താമസിക്കുന്ന പൂനൂര്‍ പുതിയോട്ടില്‍ വീട്ടില്‍ മുഹമ്മദ് സഫ്വാന്‍ പിടിയിലായത്.

ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലിക്കായി രാവിലെ കാത്തുനില്‍ക്കുന്ന സ്ഥലങ്ങളിലെത്തി ജോലിക്കെന്ന വ്യാജേനെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി മൊബൈല്‍ ഫോണും പണവും കവര്‍ച്ച ചെയ്തു രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതി. ആളില്ലാത്തതും പ്രവൃത്തി നടക്കുന്നതുമായ കെട്ടിടങ്ങള്‍ മുന്‍കൂട്ടി കണ്ടുവെച്ചാണ് പ്രതി കവര്‍ച്ചക്കിറങ്ങുന്നത്. കവര്‍ച്ചക്കിരയായ നിരവധി തൊഴിലാളികള്‍ പരാതിയുമായി എത്തിയതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കവര്‍ച്ച നടന്ന സ്ഥലങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പാലക്കാട് രജിസ്‌ട്രേഷനിലുളള ബൈക്ക് കവര്‍ച്ചക്ക് ഉപയോഗിച്ചതായി കണ്ടെത്തി. ഇതാണ് പ്രതിയെ കുടുക്കിയത്. ബൈക്ക് പാലക്കാട് നിന്നും മോഷ്ടിച്ചതാണെന്ന് സഫ്വാന്‍ പോലീസിന് മൊഴി നല്‍കി. കെ എല്‍ 9 ഡബ്യൂ 8895 നമ്പര്‍ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിന്റെ നമ്പറിലെ അവസാനത്തെ 5 മായ്ച്ചു കളഞ്ഞാണ് പ്രതി ഉപയോഗിച്ചിരുന്നത്.

കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നായി പത്തോളം ബൈക്കുകള്‍ മോഷ്ടിച്ച കേസില്‍ ജയിലിലായിരുന്ന പ്രതി ജാമ്യത്തില്‍ ഇറങ്ങിയാണ് വീണ്ടും കവര്‍ച്ച നടത്തുന്നത്. കവര്‍ച്ച നടത്തിയ ഒരു മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടത്തു. മറ്റൊന്ന് വില്‍പ്പന നടത്തിയതായി പ്രതി മൊഴി നല്‍കി. സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ് ഐ മാരായ രാജീവ് ബാബു, വി കെ സുരേഷ്, ബിജു പൂക്കോട്ട്, താമരശ്ശേരി സ്റ്റേഷനിലെ എസ് ഐ മാരായ വി കെ അബ്ദുല്‍ റസാഖ്, വി.എസ് ശ്രീജിത്ത്, എ എസ് ശ്രീകുമാര്‍, സി പി ഒ മാരായ പി പിഷിനോജ്, പി കെ ലിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. കൊടുവള്ളി സ്‌റ്റേഷന്‍ പരിധിയിലെ കവര്‍ച്ചകളുടെ അന്വേഷണത്തിനായി പ്രതിയെ കൊടുവള്ളി പോലീസ് കസ്റ്റഡിയില്‍ വാങ്ങും.

Related Articles

Leave a Reply

Back to top button