
നാദാപുരം: പോത്തിനെ ഓട്ടോയിൽ കെട്ടിവലിച്ച സംഭവത്തിൽ രണ്ടുപേരെ നാദാപുരം പോലീസ് അറസ്റ്റുചെയ്തു. നാദാപുരം സ്വദേശികളായ ഉള്ളീൻറവിട ഉസ്മാൻ എന്ന ഇസ്മായിൽ (50), തയ്യുള്ളതിൽ ബീരാൻ (41) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.
കെട്ടിവലിക്കാൻ ഉപയോഗിച്ച ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം കുമ്മങ്കോട് അങ്ങാടിക്കടുത്തുവെച്ചാണ് സംഭവം. അറവിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടിയതായി പോലീസ് പറഞ്ഞു. ഇതിനെ പിടികൂടിയവരാണ് പോത്തിനെ ഓട്ടോയിൽ കെട്ടിയത്.
വിരണ്ടോടിയ പോത്ത് അക്രമാസക്തമാകുമെന്നും അതിനാലാണ് ഓട്ടോയ്ക്ക് പിന്നിൽ കെട്ടിയതെന്നുമാണ് അറസ്റ്റിലായവർ പോലീസിനോട് പറഞ്ഞത്. കെട്ടിവലിച്ച പോത്തിനെ വെള്ളിയാഴ്ച അറുത്ത് വിൽപ്പനനടത്തി. ഓട്ടോയ്ക്കുപിന്നിൽ പോത്തിനെ കെട്ടിവലിക്കുന്ന വീഡിയോ ദൃശ്യം സാമൂഹികമധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പോത്തിനെ ഓടിക്കുന്ന ദൃശ്യം പിന്നിലുള്ള വാഹനത്തിലെ ആരോ വീഡിയോയിൽ പകർത്തുകയായിരുന്നു.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ നാദാപുരം പോലീസ് സ്വമേധയാ കേസെടുത്തു. അശ്രദ്ധമായി വാഹനം ഓടിക്കൽ, മൃഗങ്ങളെ ഉപദ്രവിക്കൽ, പൊതുജനങ്ങൾക്ക് ശല്യമായ പെരുമാറ്റം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്.





