EntertainmentKerala

മരക്കാര്‍ ഡിസംബര്‍ 2ന് തീയറ്ററുകളിലേക്ക്

Please complete the required fields.




മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബര്‍ രണ്ടിന് തീയറ്ററുകളിലെത്തുമെന്ന് മന്ത്രി സജി ചെറിയാന്‍. തീയറ്റര്‍ ഭാരവാഹികളുമായും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായും ഫിലിം ചേംബര്‍ പ്രസിഡന്റ് സുരേഷ് കുമാര്‍, ഷാജി എന്‍ കരുണ്‍, വിജയകുമാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

റിലീസിംഗ് സംബന്ധിച്ച് യാതൊരു ഉപാധികളുമില്ലാതെ എല്ലാ തീയറ്ററുകളിലും സിനിമ പ്രദര്‍പ്പിക്കാനാണ് തീരുമാനമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. മലയാള സിനിമയുടെ നിലനില്‍പ്പിന് വേണ്ടിയും സിനിമാ മേഖലയിലെ വലിയൊരു വിഭാഗം ജനങ്ങളുടെ നിലനില്‍പ്പിനുവേണ്ടിയും വലിയ വിട്ടുവീഴ്ചയാണ് ആന്റണി പെരുമ്പാവൂര്‍ നടത്തിയത്. മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ തുടങ്ങിയവര്‍ സര്‍ക്കാരിനോട് വലിയ സഹകരണമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

‘സിനിമാ റിലീസിംഗ് സംബന്ധിച്ച് സര്‍ക്കാരിന്റെ സമീപനം വിജയം കണ്ടു. സിനിമാ സംഘടനകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ 2021 ഏപ്രില്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ സിനിമാ ടിക്കന്മിലേക്കുള്ള വിനോദ നികുതി ഒഴിവാക്കാന്‍ ഉത്തരവായി. തീയറ്ററുകള്‍ അടഞ്ഞകാലത്തെ വൈദ്യുതി തുകയ്ക്ക് ഇളവുനല്‍കും. ഇത് ആറുഗഡുക്കളായി അടച്ചാല്‍ മതി.

തീയറ്റര്‍ അടഞ്ഞുകിടന്ന സമയത്തെ കെട്ടിട നികുതി പൂര്‍ണമായും ഒഴിവാക്കും. ഇതിനായി ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ തീയറ്ററുകള്‍ അപേക്ഷ നല്‍കണം. ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും തീയറ്ററില്‍ പ്രവേശിക്കാം. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എടുത്ത വായ്പ സംബന്ധിച്ചും തീരുമാനമായി. അവ അടച്ചുതീര്‍ക്കാന്‍ കാലാവധി നീട്ടി നല്‍കും. വളരെ സൗഹാര്‍ദപരമായ അന്തരീക്ഷത്തില്‍ സിനിമാ മേഖലയിലെ എല്ലാവരെയും ഒരുമിച്ചുകൊണ്ടുവരാന്‍ സാധിച്ചു’. ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Back to top button