
താമരശ്ശേരി : താമരശ്ശേരി ചുരംപാതയെ തിരക്കിൽ ശ്വാസംമുട്ടിക്കുകയാണ് മഴക്കാലത്തെ സഞ്ചാരിപ്രവാഹം.ശനി, ഞായർ ദിവസങ്ങളിലും പൊതുഅവധി ദിനങ്ങളിലുമാണ് അനിയന്ത്രിതമായ തിരക്ക് ചുരംപാതയിൽ അനുഭവപ്പെടുന്നത്.
മുടിപ്പിൻവളവുകളുടെ തുടക്കംമുതൽ വ്യൂ പോയന്റ് വരെയുള്ള ഭാഗത്തും അവിടെനിന്ന് വയനാട് ജില്ലാകവാടംവരെയുള്ള ഭാഗത്ത് പലയിടങ്ങളിലും ഒറ്റയ്ക്കും കൂട്ടമായെത്തിയും ഏറെനേരം തമ്പടിക്കുകയാണ് വിനോദസഞ്ചാരികൾ.
വാഹനസാന്ദ്രത, അപകടങ്ങൾ, യന്ത്രത്തകരാറുകൾ, മണ്ണിടിച്ചിൽ, മരംവീഴ്ച, റോഡ് തകർച്ച എന്നിവയെല്ലാം സ്വതവേ ഗതാഗതക്കുരുക്ക് തുടർക്കഥയാക്കുന്ന താമരശ്ശേരി ചുരത്തിൽ, നൂറുകണക്കിന് സഞ്ചാരികളാണ് മഴക്കാലത്തെ അവധിദിനങ്ങളിൽ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നത്.
പാർക്കിങ്ങിന് നിരോധനമുള്ള ചുരം വ്യൂ പോയന്റ് ഉൾപ്പെടെയുള്ള മേഖലകളിൽ വാഹനങ്ങൾ നിർത്തിയിട്ട് ചുരത്തിലെ ദൃശ്യഭംഗി ആസ്വദിക്കുന്നവരാണ് സഞ്ചാരികളിലേറെയും. സ്ഥലസൗകര്യവും താഴ്‌വാരത്തിന്റെ ഭംഗികാണാവുന്ന ഒഴിവും ഉള്ള പാതയോരങ്ങളിലെല്ലാം പാർക്കിങ് പതിവാണ്. സഞ്ചാരികളിൽനിന്ന് ഭക്ഷണസാധനങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ വാനരക്കൂട്ടവും പതിവായി വന്നണയുന്നു.
ചുരംപാതയിലൂടെ കടന്നുപോവുന്നരിൽ പലരും കൗതുകംകൊണ്ട് വാഹനം നിർത്തി ചുരംകാഴ്ച ആസ്വദിക്കാനിറങ്ങുകയോ, വേഗം വളരെ ക്കുറച്ച് കാഴ്ചകൾ ഓരോന്നായി വീക്ഷിച്ച് പോവുകയോ ചെയ്യും. റോഡരികിൽ വാഹനങ്ങൾ തിങ്ങിനിറയുമ്പോൾ റോഡിലേക്ക് കയറിവരെ ചിലർ വാഹനങ്ങൾ നിർത്തിയിടുക കൂടി ചെയ്യുന്നതോടെ വ്യൂപോയന്റ് മുതൽ ഒമ്പതാംവളവ് വരെയുള്ള ഭാഗത്ത് പലപ്പോഴും വലിയ ഗതാഗതക്കുരുക്കാണ് പ്രകടമാവുന്നത്. നിലവിൽ ചെക്ക് പോസ്റ്റ് പരിസരത്തും സമീപത്തുമായി വാഹനങ്ങൾ നിർത്തിയിടാനുള്ള സ്ഥലസൗകര്യമുണ്ടെങ്കിലും മിക്കവരും അതുപയോഗപ്പെടുത്താറില്ല. വാഹനംനിർത്തി താഴേക്ക് നടന്നുപോവാനുള്ള താത്പര്യമില്ലായ്മയാണ് അതിന് കാരണം.
സാധാരണ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽനിന്ന് വിഭിന്നമായി, യാത്രാമധ്യേ വാഹനം നിർത്തിയിറങ്ങി അല്പനേരം കാഴ്ച ആസ്വദിച്ചും ഫോട്ടോകളെടുത്തും മടങ്ങുന്നതാണ് മിക്കവരുടെയും രീതി. ഇങ്ങനെ മിനിറ്റുകളുടെ ഇടവേളകളിൽ വാഹനങ്ങൾ മാറിമാറി കടന്നുപോവുമ്പോൾ വലിയ തിരക്ക് പ്രകടമാവാറില്ല. എന്നാൽ വലിയ വാഹനങ്ങളിലും ബൈക്കുകളിലും മറ്റും കൂട്ടമായെത്തുന്നവരും ഇതരജില്ലകളിൽ നിന്നുള്ള സഞ്ചാരികളും പലപ്പോഴും ഏറെ നേരം ചുരംപാതയ്ക്കരികിൽ വാഹനങ്ങൾ നിർത്തി പ്രകൃതിഭംഗി ആസ്വദിക്കുമ്പോഴാണ് തിരക്കേറുന്നതിന് ഇടവരുത്തുന്നത്. ഹൈവേ-അടിവാരം ഔട്ട്‌പോസ്റ്റ് പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുമ്പോൾ മാത്രമാണ് അനധികൃത പാർക്കിങ്ങിന് അറുതിയാവാറുള്ളത്.





