എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സ്‌കൂട്ടറില്‍ കറങ്ങി അനധികൃത മദ്യവില്‍പന; ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്: എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലും കോരപ്പുഴ ഭാഗങ്ങളിലും അനധികൃത മദ്യക്കച്ചവടം നടത്തുന്നയാളെ പൊലീസ് പിടികൂടി. എലത്തൂര്‍ ആശാരിപ്പുരക്കല്‍ ഷിനോജ് (50) ആണ് പിടിയിലായത്. 12 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും ചില്ലറവില്‍പന നടത്തിയിരുന്ന മദ്യവുമാണ് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ എ. ശ്രീനിവാസ് ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും എലത്തൂര്‍ പൊലീസും പിടികൂടിയത്.
എലത്തൂര്‍ റെയില്‍വേ അണ്ടര്‍പാസിന് സമീപത്ത് വെച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പല തവണകളായി ബിവറേജസ് ഔട്ട്‌ലറ്റുകളില്‍നിന്ന് വാങ്ങുന്ന മദ്യം അവധിദിവസങ്ങളില്‍ വില്‍പന നടത്തുകയാണ് ഇയാളുടെ പതിവ്. ആവശ്യക്കാര്‍ ഫോണ്‍ ചെയ്യുന്നതിനനുസരിച്ച് അവര്‍ പറയുന്ന സ്ഥലത്ത് മദ്യം എത്തിച്ചുകൊടുക്കലാണ് പതിവ്. പ്രതിയുടെ സ്‌കൂട്ടറിലാണ് മദ്യം സ്റ്റോക്ക് ചെയ്യാറുള്ളത്. ചില്ലറവില്‍പനക്കുള്ളത് അരയിലാണ് വെക്കാറ്.
500 മുതല്‍ 600 രൂപവരെ വിലയിട്ടാണ് ഇയാള്‍ വില്‍ക്കുന്നത്. അവധിദിവസങ്ങളില്‍ അതിഥി തൊഴിലാളികള്‍ക്കാണ് വില്‍പന നടത്തിയിരുന്നത്. പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ. പ്രശാന്ത്കുമാര്‍, ഷാഫി പറമ്പത്ത്, എലത്തൂര്‍ പൊലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ജയേഷ് വാര്യര്‍, സീനിയര്‍ സി.പി.ഒ രാഹുല്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.





