Palakkad

അപകടകാരണം ടൂറിസ്റ്റു ബസിന്റെ അമിത വേഗതയെന്ന് കെഎസ്ആർടിസി; വേഗപ്പൂട്ട് കർശനമാക്കണമെന്ന് കോടതി

Please complete the required fields.




വടക്കഞ്ചേരി വാഹനാപകടത്തിൽ ടൂറിസ്റ്റു ബസിന്റെ അമിത വേഗമാണ് അപകട കാരണമെന്ന് ഹൈക്കോടതിയിൽ കെഎസ്ആർടിസി വ്യക്തമാക്കി. ഹൈക്കോടതി നിർദേശത്തെ തുടർന്നു സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വാഹനങ്ങൾക്കു വേഗപ്പൂട്ടു കർശനമാക്കണമെന്നും കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടമായ സാഹചര്യം അതീവ ഗുരുതരമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

അതേസമയം, വാഹനാപകടത്തിൽ ഡ്രൈവർ ജോമോൻ എന്ന ജോജോ പത്രോസ് പിടിയിലായി. കൊല്ലം ചവറയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചവറ പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ജോമോനെ കുടുക്കിയത്. ടൂറിസ്റ്റു ബസിന്റെ അമിത വേഗമാണ് ദുരന്തമുണ്ടാക്കിയതെന്ന് ഹൈക്കോടതിയിൽ കെഎസ്ആർടിസി അറിയിച്ചിരുന്നു. വളരെക്കാലമായി താൻ ഡ്രൈവറായി ജോലി ചെയ്യുകയാണെന്നും തന്റെ ഭാ​ഗത്ത് തെറ്റുണ്ടായിട്ടില്ലെന്നുമാണ് ഇയാൾ പറയുന്നത്. തിരുവനന്തപുരത്തേയ്ക്ക് പോകുന്നതിനിടെയാണ് ഇയാൾ കൊല്ലത്തുവെച്ച് കുടുങ്ങിയത്. ഉടൻ ഇയാളെ പാലക്കാടെത്തിക്കുമെന്നാണ് അറിയുന്നത്.

അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തിൽ പരുക്കേറ്റവർക്ക് അൻപതിനായിരം രൂപയും നഷ്ടപരിഹാരമായി നൽകും. ഇന്നലെ വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂർവ്വം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവിൽ തീരാനോവായി മാറുകയായിരുന്നു. വിദ്യാർത്ഥികളും അധ്യാപകരുമടക്കം ആഘോഷത്തിമിർപ്പിലായിരിക്കെയാണ് 11.30ഓടെ വടക്കഞ്ചേരി അഞ്ചു മൂർത്തി മംഗലത്ത് വച്ച് കെഎസ്ആർടിസി ബസ്സിന് പുറകിൽ അതിവേഗത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്.

ഇടിയുടെ ആഘാതത്തിൽ റോഡിനു സമീപത്തെ ചതുപ്പിലേക്ക് മറിഞ്ഞ ബസിൽനിന്ന് ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവർത്തകർ കുട്ടികളെ അടക്കം പുറത്തേക്ക് എത്തിച്ചത്. 42 വിദ്യാർത്ഥികളും 5 അധ്യാപകരും 2 ബസ്സ് ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ 50 ഓളം പേരെ തൃശൂർ മെഡിക്കൽ കോളേജ്, ആലത്തൂർ താലൂക്ക് ആശുപത്രി,നെന്മാറ അവിറ്റീസ് ആശുപത്രി, പാലക്കാട് ജില്ലാശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചത്. വടക്കഞ്ചേരിയിൽ നടന്നത് ഭയാനകമായ അപകടമെന്നും പരിക്കേറ്റവർ അപകടനില തരണം ചെയ്തതായും സംഭവസ്ഥലം സന്ദർശിച്ച ശേഷം മന്ത്രി എം.പി രാജേഷ് പറഞ്ഞു.

Related Articles

Leave a Reply

Back to top button