
താമരശ്ശേരി : നവരാത്രി ഉത്സവവുമായി ബന്ധപ്പെട്ട് പൂജാ അവധിദിനങ്ങളിൽ ഉൾപ്പെടെ ഒക്ടോബറിൽ ജില്ലയിലെ വിവിധ യൂണിറ്റുകളിൽനിന്നും വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് പ്രത്യേക ഉല്ലാസയാത്രാ പാക്കേജുമായി കെ.എസ്.ആർ.ടി.സി. ശനിയാഴ്ചമുതൽ കോഴിക്കോട്, താമരശ്ശേരി, തൊട്ടിൽപ്പാലം, വടകര യൂണിറ്റുകളിൽനിന്ന് വിനോദയാത്രാസർവീസുകൾ നടത്തുമെന്ന് ബജറ്റ് ടൂറിസം ജില്ലാ കോ-ഓർഡിനേറ്റർ പി.കെ. ബിന്ദു അറിയിച്ചു.
മലക്കപ്പാറ, നെല്ലിയാമ്പതി, കണ്ണൂർ (വിസ്മയ), നിലമ്പൂർ തേക്ക് മ്യൂസിയം, തുഷാരഗിരി-പൂക്കോട്-വനപർവം, വയനാട് എന്നിവിടങ്ങളിലേക്കാണ് ഏകദിനയാത്ര. രണ്ടു ദിവസം നീളുന്ന അതിരപ്പിള്ളി-വാഴച്ചാൽ-തുമ്പൂർമുഴി ഡാം-മൂന്നാർ യാത്രയും മൂന്നുദിവസം നീളുന്ന വാഗമൺ-കുമരകം, തിരുവനന്തപുരം-കന്യാകുമാരി സർവീസുകളുമുണ്ടാകും. യാത്രയിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർചെയ്യണം. ഫോൺ: 9544477954, 9846100728.





