
കോഴിക്കോട്: ജനകീയ ഗായകന് ബാബു ഭായിയെ കോഴിക്കോടിന്റെ തെരുവുകളില്‍ പാടാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി. നാല്പതുവര്ഷത്തോളമായി കോഴിക്കോട് നഗരത്തില്‍ പാട്ടുപാടി ജീവിക്കുന്ന തന്നെ പൊലീസ് തടയുകയാണെന്ന് ബാബു ഭായി പറഞ്ഞു. മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ്, പാളയം, കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡ്, ബീച്ച്, മിഠായിത്തെരുവ്, മാനാഞ്ചിറ എന്നിവിടങ്ങളിലെല്ലാം പാടാനിരിക്കുമ്പോള്‍ പൊലീസ് ഓടിക്കുകയാണ്.
ജില്ല കലക്ടറുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ പാടാനനുവദിക്കൂ എന്നാണ് പൊലീസ് പറയുന്നത്. കല്ലായിയില്‍ താമസിച്ച് നാല്പതുവര്ഷത്തോളമായി താന്‍ നഗരത്തില്‍ പാടുന്നു. അങ്ങനെ കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞുപോകുന്നത്. മക്കളുടെ വിവാഹമടക്കം നടത്തിയത് പാടിക്കിട്ടിയ വരുമാനംകൊണ്ടാണ്. ഒരുകാരണവുമില്ലാതെയാണ് ഇപ്പോള്‍ തന്നെ വിലക്കുന്നതെന്നും ബാബു ഭായി പറയുന്നു.





