
കണ്ണൂർ: കൈതേരി ഇടത്തിൽ വയോധികനുനേരെ തെരുവു നായ ആക്രമണം. കുഞ്ഞിപറമ്പത്ത് ഷണ്മുഖന് (70) ആണ് തെരുവ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റത്. കാലിന്റെ തുടയിൽ കടിയേറ്റ ഷണ്മുഖൻ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും, തുടർന്ന് തലശ്ശേരി ജനറൽ ആശുപത്രിയിലും ചികിത്സ തേടി.
ചൊവ്വാഴ്ച രാവിലെ കടയിലേക്ക് പോകുന്നതിനിടെയാണ് തെരുവു നായ ആക്രമിച്ചത്. കയ്യിൽ ഉണ്ടായിരുന്ന കുട കൊണ്ട് നായയെ തടയാൻ ശ്രമിച്ചെങ്കിലും ഷണ്മുഖന്റെ കാലിൽ കടിക്കുകയായിരുന്നു. തൊക്കിലങ്ങാടി ഹയർ സെക്കന്‍ഡറി സ്കൂളിലെ ബസ് ഡ്രൈവറാണ് ഷണ്മുഖൻ. കൈതേരി ഇടത്തിൽ തെരുവു നായ ശല്യം രൂക്ഷമാണെന്നും, തലനാരിഴയ്ക്കാണ് അക്രമത്തിൽനിന്ന് രക്ഷപ്പെടുന്നതെന്നും നാട്ടുകാർ പറഞ്ഞു.





