
ഓമശ്ശേരി: എൻഐടി-പുത്തൂർ റോഡിലെ അമ്പലക്കണ്ടിക്കും നാഗാളികാവിനും ഇടയിലുള്ള കുമ്പളോട്ട് നടയിൽ കലുങ്കിനോട് ചേർന്നു രൂപപ്പെട്ട വലിയ കുഴി അപകട ഭീഷണി. വാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്ന റോഡിൽ രൂപപ്പെട്ട ഈ വലിയ കുഴി അപകടഭീഷണിയാണെന്ന് നാട്ടുകാരും യാത്രക്കാരും പറയുന്നു. ഇതിനു മുമ്പും ഇവിടെ ഗർത്തം രൂപപ്പെടാറുണ്ടായിരുന്നു.
പൊതുമരാമത്ത് അധികൃതർ താൽക്കാലിക പരിഹാരം കാണാറാണ് പതിവ്. ഗ്രാമീണ മേഖലയിലെ പ്രധാനപ്പെട്ട ഈ റോഡ് നവീകരണം വൈകുന്നത് മൂലം പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം തന്നെ ദുഷ്കരമാണ്. അതിനിടയിലാണ് റോഡിൽ കലുങ്കിനോട് ചേർന്ന് രൂപപ്പെട്ട ഭീതിപ്പെടുത്തുന്ന കുഴി. അപകടം സംഭവിക്കാതിരിക്കാൻ നാട്ടുകാർ കുഴിയിൽ വാഴ വച്ചിരിക്കുകയാണ്.
നിലവിൽ ഈ റോഡ് കെആർഎഫ്ബിയുടെ അധീനതയിലാണുള്ളത്. എൻഐടി മുതൽ കൂടത്തായി വരെ കിഫ്ബിയിൽ ഉൾപ്പെടുത്തി 45.2 കോടി രൂപ ചെലവഴിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഭരണാനുമതിയും സാമ്പത്തികാനുമതിയും ലഭിച്ചിട്ടുണ്ട്. 11.2 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ പുനരുദ്ധാരണത്തിനുള്ള സാങ്കേതികാനുമതിക്കായി കാത്തിരിക്കുകയാണ്.
കുഴി നികത്താൻ ഉടനെ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വാർഡ് മെംബറും ഓമശ്ശേരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ യൂനുസ് അമ്പലക്കണ്ടി കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് കോഴിക്കോട്, വയനാട് ഡിവിഷൻ യൂണിറ്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകി.





