Kozhikode

ആംബുലന്‍സിന്റെ വാതില്‍ തുറക്കാനായില്ല; വെട്ടിപ്പൊളിച്ച് പുറത്തെടുത്തു; രോഗി മരിച്ചു

Please complete the required fields.




കോഴിക്കോട്: ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാവാത്തതിനാല്‍ സ്‌കൂട്ടറിടിച്ച് പരുക്കേറ്റയാള്‍ മരിച്ചു. ഫറോക്ക് കരുവന്‍തിരുത്തി എസ് പി ഹൗസില്‍ കോയമോന്‍(66) ആണ് മരിച്ചത്. വാതില്‍ മഴു കൊണ്ട് വെട്ടിപ്പൊളിച്ച് തുറന്ന് അത്യഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് സര്‍ക്കാര്‍ ബീച്ച് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന്റെ വാതിലാണ് തുറക്കാനാവാത്ത വിധം അടഞ്ഞുപോയത്. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് സംഭവം.

റെഡ് ക്രോസ് റോഡിനു സമീപത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോഴാണു ഇയാളെ സ്‌കൂട്ടര്‍ ഇടിച്ചത്. ഉടനെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. ഒരു ഡോക്ടറും കോയമോന്റെ സുഹൃത്തുക്കളായ രണ്ടു പേരും ആംബുലന്‍സിനകത്ത് ഉണ്ടായിരുന്നു. മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ അകത്തുളളവര്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ സാധിച്ചില്ല.

തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍ വാതില്‍ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് തുറക്കാന്‍ നോക്കിയിട്ടും നടന്നില്ല. ചവിട്ടി തുറക്കാനുളള ശ്രമവും പരാജയപ്പെട്ടു. ഇതിനിടെ ഒരാള്‍ ചെറിയ മഴു കൊണ്ടുവന്ന് വാതില്‍ വെട്ടിപ്പൊളിച്ച് കോയമോനെ പുറത്തെടുക്കുകയായിരുന്നു. അത്യഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. അരമണിക്കൂറോളം കോയമോന്‍ ആംബുലന്‍സിനകത്ത് കുടുങ്ങിയതായി ബന്ധുക്കള്‍ ആരോപിച്ചു.

Related Articles

Leave a Reply

Back to top button