നാര്‍കോട്ടിക് ജിഹാദ് വീണ്ടും വിവാദമാകുന്നത് നിര്‍ഭാഗ്യകരമെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത
പാലാ ബിഷപ്പിന്റെ പരാമര്‍ശം വീണ്ടും ചര്‍ച്ചയാകുന്നത് നിര്‍ഭാഗ്യകരമെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത. കേരളത്തില്‍ നില നില്‍ക്കുന്ന മതസൗഹാര്‍ദത്തിന് മങ്ങലേല്‍ക്കാതെ മുന്നോട്ടുകൊണ്ടുപോകേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്തമാണെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. ട്വന്റിഫോറിന്റെ എന്‍കൗണ്ടര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ മതമേലധ്യക്ഷന്മാര്‍ക്കും അവരുടെ മതത്തില്‍ നിന്നുകൊണ്ട് നേരായ മാര്‍ഗം പറഞ്ഞുകൊടുക്കുക എന്നത് ഉത്തരവാദിത്തപ്പെട്ട കാര്യമാണ്. അതോടൊപ്പം തന്നെ മറ്റ് മതങ്ങളെ ആദരിക്കുക, ബഹുമാനിക്കുക എന്നത് പ്രധാനപ്പെട്ടതാണ്. മതവികാരത്തെ മുറിപ്പെടുത്തുന്ന പ്രയോഗങ്ങള്‍ ഒഴിവാക്കണം. ഇതിന്റെ കൂടെ സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്ന വിപത്തുകളെ കണ്ടില്ലെന്ന് നടിക്കരുത്. അത്തരം വിപത്തുകളെ ഏതെങ്കിലും സമുദായത്തിന്റെയോ മതത്തിന്റെയോ മേല്‍ കെട്ടിവയ്‌ക്കേണ്ടതില്ല. പാലാ ബിഷപ്പിന്റെ ആരോപണത്തില്‍ യാഥാര്‍ത്ഥ്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ കണ്ടെത്തണമെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു.