
കൊടുവള്ളി മണ്ഡലത്തിൽ നടപ്പാക്കുന്ന ഉന്നതി സമഗ്ര മാനവിക ആരോഗ്യ പദ്ധതി ഉദ്ഘാടനം ഡോ. എം.കെ മുനീർ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കുന്നു.
കൊടുവള്ളി : കൊടുവള്ളി എം.എൽ. എ ഡോ: എം. കെ മുനീർ മണ്ഡലത്തിൽ നടപ്പാക്കുന്ന ഉന്നതി ജനകീയ വിജ്ഞാന മുന്നേറ്റം പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ സമഗ്ര മാനസികാരോഗ്യ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.
കോവിഡിന് ശേഷം വിദ്യാർത്ഥികളിൽ കണ്ടു വരുന്ന പെരുമാറ്റ വൈകല്യങ്ങൾ, പഠന വൈകല്യങ്ങൾ ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പദ്ധതിയിലൂടെ പരിഹാരം ലഭിക്കും. പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളിലും കൗൺസിലർമാരെ നിയമിക്കുന്നു. വിദ്യാർത്ഥികളിൽ കണ്ടുവരുന്ന മാനസികസംഘർഷങ്ങൾ കുറക്കുക , മാനസികാരോഗ്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. കൗൺസിലിങ്ങിന് പുറമെ മെന്റെൽ ഹെൽത്ത് ഫെസിലിറ്റേറ്ററായും കൗൺസിലർമാർ പ്രവർത്തിക്കും.
സ്കൂളുകളിൽ മോട്ടിവേഷൻ ക്ലാസുകൾ, ട്രെയിനിങ്ങുകൾ, മന:ശാസ്ത്ര ക്ലാസുകൾ എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. പെരുമാറ്റ വൈകല്യമുള്ള വിദ്യാർത്ഥികൾക്ക് മെഡിറ്റേഷൻ തെറാപ്പി, മൈന്റ്ഫുൾനസ് എന്നീ സേവനം പഞ്ചായത്ത് തല നോളേജ് സെന്റെർ പ്രവർത്തനം തുടങ്ങുന്നതോടെ ലഭിക്കും. നൂറിലധികം സ്കൂളുകളിലായി ഇരുപതിനായിരത്തിൽ അധികം വിദ്യാർഥികൾക്ക് പദ്ധതിയിലൂടെ സേവനം ലഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
മാനസികാരോഗ്യം വർധിപ്പിക്കുന്നതിലൂടെ ചിന്താശേഷിയും പഠനത്തിൽ മികവ് പുലർത്തുന്നതുമായ പുതിയ തലമുറയെ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി വിവിധ സെമിനാറുകൾ , ബോധവൽക്കരണ ക്ലാസുകൾ,മോട്ടിവേഷൻ എന്നിവ സംപതംബർ 1 മുതൽ ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി നിംഹാൻസ്, സി.ആർ.സി, ഡയറ്റ് എന്നി സ്ഥാപനങ്ങൾ പ്രൊജക്ട് നേത്യത്വം നൽകും. മാസാന്തം തെരെഞ്ഞെടുത്ത കൗൺസിലർമാർക്ക് സി.ആർ.സി ട്രൈനിങ്ങ് നൽകും. പദ്ധതിയുടെ ഉദ്ഘാടനം ഡോ. എം.കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഡോ. റോഷൻ ബിജി, ഡോ. വേണുഗോപാലൻ പി.പി, ക്ലാസെടുത്തു. ഡോ. യു. കെ അബ്ദുന്നാസർ പ്രൊജക്ട് അവതരിപ്പിച്ചു. എ.ഇ.ഒ അബ്ദുൽ ഖാദർ, വി.എം ഉമ്മർ മാസ്റ്റർ, ടി.കെ മുഹമ്മദ് മാസ്റ്റർ, എം.അബദുൽ അസീസ് മാസ്റ്റർ, അഷ്റഫ് മാസ്റ്റർ, എം.എ ഗഫൂർ, കൗസർ മാസ്റ്റർ, ടി.മൊയ്തീർ കോയ , എം.നസീഫ്, ഹാഫിസ് താമരശ്ശേരി, സുൽഫിക്കർ, ഹാരിസ് അമ്പായത്തോട്, ഹാജറ കൊല്ലരുണ്ടി, വി.സി. റിയാസ് ഖാൻ , ഷംസീർ പാലങ്ങാട്, ടി.പി. നൗഫൽ , ഷിബു ചെറുകാട് എന്നിവർ പ്രസംഗിച്ചു.





