
കോഴിക്കോട്: പനി, വൈറൽപ്പനി, പക്ഷാഘാതം, ഡെങ്കിപ്പനി തുടങ്ങിയ വിവിധ രോഗം ബാധിച്ച രോഗികൾ വർധിച്ചതോടെ മെഡിക്കൽ കോളേജ് ആശുപത്രി വീർപ്പുമുട്ടുന്നു. മെഡിസിൻ വിഭാഗത്തിലാണ് ഏറ്റവുമധികം രോഗികളെത്തുന്നത്. പനിക്കൊപ്പം തലവേദന, ശരീരവേദനയും തുടങ്ങിയതോടെയാണ് ഏറെപ്പേരും എത്തുന്നത്.
ഒരു വാർഡിൽ 28 കിടക്കകളാണ് ഉള്ളത്. എന്നാൽ തിങ്കളാഴ്ചയോടെ മെഡിസിൻ വിഭാഗത്തിലെ എട്ടാം വാർഡിൽ 110 പേരെയാണ് പ്രവേശിപ്പിച്ചത്. ഈ വാർഡിൽ കൂടുതലായി പ്രവേശിപ്പിച്ച രോഗികൾ വരാന്തയിൽ നിലത്ത് പായ വിരിച്ചാണ് കിടക്കുന്നത്. ചിലർക്ക് ഗ്ളൂക്കോസും മറ്റും നൽകുന്നതും ഇവിടെ വെച്ച് തന്നെയാണ്. ആറ്, ഏഴ്, എട്ട് വാർഡുകളിലെ വരാന്തയിലും രോഗികൾ നിറഞ്ഞ അവസ്ഥയാണ്.
മെഡിസിൻ വിഭാഗത്തിലെത്തിയ 380 പേരടക്കം ചൊവ്വാഴ്ച 3521 രോഗികളാണ് എം.സി.എച്ചിലും സൂപ്പർ സ്പെഷ്യാലിറ്റി, ത്രിതല കാൻസർ സെന്ററിലുമായി ചികിത്സതേടിയെത്തിയത്. ആശുപത്രിയിൽ കിടത്തിച്ചികിത്സയിൽ 1701 പേരാണുള്ളത്. ആറ്, എട്ട് വാർഡുകളിലാണ് ഏറ്റവുമധികം രോഗികളെ പ്രവേശിപ്പിക്കുന്നത്. ഞായറാഴ്ച ഒ.പി. യിലെത്തുന്ന രോഗികൾക്ക് പ്രത്യേക വാർഡുകൾ സജ്ജീകരിക്കുകയാണെങ്കിൽ എട്ടാം വാർഡിലെ വീർപ്പുമുട്ടൽ കുറയ്ക്കാൻ സാധിക്കുമെന്ന് അധികൃതർ പറയുന്നു.





