
രാമനാട്ടുകര: ദേശീയ പാതയിൽ രാമനാട്ടുകര ബസ് സ്റ്റാൻഡ് കവാടത്തിൽ സ്വകാര്യ ബസ്സിടിച്ച് ബൈക്കിൽ മകനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ മരിച്ചു.ഫാറൂഖ് കോളജ് പരുത്തിപ്പാറ ചൂരക്കാട്ടിൽ സി.പി. ഗോപാലന്റെ ഭാര്യ സൗമിനി (62) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് ആറരക്ക് സ്റ്റാൻഡിലേക്ക് ബസുകൾ കയറുന്ന ഭാഗത്താണ് അപകടമുണ്ടായത്. കോഴിക്കോട് നിന്നും പാലക്കാടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് അതെ ദിശയിൽ തന്നെ വരികയായിരുന്ന ബൈക്കിനെ ഇടിക്കുകയായിരുന്നു. ബസ് സ്റ്റാൻഡിലേക്ക് അതിവേഗത്തിൽ കയറാൻ ശ്രമിക്കവെയാണ് അപകടമുണ്ടായത്.അപകടത്തിൽ പെട്ട ബൈക്കും വീട്ടമ്മയും ബസിന്റെ ചക്രത്തിന്റെ അടിയിലായിരുന്നു ബസ് പിന്നോട്ടെടുത്താണ് ഇവരെ പുറത്തെടുത്തത്.
സൗമിനിയുടെ മക്കൾ:ശ്രീജിത്ത്,വിജിത്ത്. മരുമക്കൾ: ബബിത, സജിത. കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് തന്നെ സമാന രീതിയിൽ ഉണ്ടായ അപകടത്തിൽ കാൽ നടയാത്രക്കാരൻ മരിച്ചിരുന്നു.ഈ സ്ഥലത്ത് ദേശീയപാതയിൽ ഉള്ള അനധികൃത പാർക്കിങ്ങും ബസുകളുടെ അമിതവേഗതയും പലപ്പോഴും അപകടങ്ങൾക്കു കാരണമാകാറുണ്ട്.ഇവിടെയുള്ള കാമറകളും പ്രവർത്തിക്കാതായിട്ട് മാസങ്ങളായതായും പരാതിയുണ്ട്





