
കോഴിക്കോട്: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തി മദ്യവും മയക്കുമരുന്നും നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ. അത്തോളി സ്വദേശികളായ ലിജാസ്, ശുഐബ് എന്നിവരാണ് ശനിയാഴ്ച പിടിയിലായത്.
തലയാട് വനമേഖലയിലെ ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചു കഴിയവെയാണ് ചേവായൂർ പൊലീസ് ലിജാസിനെയും ശുഐബിനെയും പിടികൂടിയത്. പ്രതികളെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായെത്തി പ്രതികളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.
വെള്ളിയാഴ്ച അറസ്റ്റിലായ അജ്നാസ്, ഫഹദ് എന്നിവരുടെ സുഹൃത്തുക്കളാണിവർ. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായതായി പൊലീസ് പറഞ്ഞു. പീഡനത്തിനിരയായ 36കാരി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിക്ക് കാര്യമായ പരുക്കുകൾ ഏറ്റിട്ടുണ്ട്. യുവതിയുടെ മെഡിക്കൽ പരിശോധനയിൽ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായി.
ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത് സുഹൃത്തുക്കളെ വിളിച്ചു വരുത്തിയത് അജ്നസായിരുന്നുവെന്നും യുവതിയുടെ ചിത്രങ്ങളും വീഡിയോയും പ്രതികൾ മൊബൈലിൽ എടുത്തതായും പൊലീസ് പറഞ്ഞിരുന്നു. ഫഹദ് ലഹരിക്കടിമയാണ്. ഇയാൾ യുക്തിവാദി നേതാവും സാമൂഹ്യമാധ്യമങ്ങളിൽ സജീവവുമാണ്.