
കോമൺ വെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ലവ്പ്രീത് സിങ് വെങ്കലം നേടി. പുരുഷന്മാരുടെ 109 കിലോ വിഭാഗത്തിലായിരുന്നു നേട്ടം. ആകെ 355 കിലോയാണ് ഉയർത്തിയത്. സ്നാച്ചിൽ 163 കിലോ ഉയർത്തി ദേശീയ റെക്കോഡ് കുറിച്ചു. ക്ലീൻ ആൻഡ് ജെർക്കിൽ 192 കിലോയും. 109ന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ഗുർദീപ് സിങ്ങും വെങ്കലം നേടി. 390 കിലോയാണ് ആകെ ഉയർത്തിയത്. ഭാരോദ്വഹനത്തിൽ മൂന്ന് സ്വർണമുൾപ്പെടെ പത്ത് മെഡലുകളാണ് ഇന്ത്യ ബർമിങ്ഹാമിൽ നേടിയത്. ബോക്സിങ്ങിൽ വനിതകളുടെ 50 കിലോ വിഭാഗത്തിൽ വെയ്ൽസിന്റെ ഹെലൻ ജോൺസിനെ നിഖാത്ത് വീഴ്ത്തി (5–0). സെമിയിൽ ഇംഗ്ലണ്ടിന്റെ സവാന്ന ആൽഫി സ്റ്റബ്ലിയാണ് എതിരാളി. ശനിയാഴ്ചയാണ് മത്സരം.
തേജസ്വിൻ ശങ്കറിന് ഹൈജമ്പിൽ വെങ്കലം. 2.22 മീറ്റർ ചാടിയാണ് നേട്ടം. അത്‌ലറ്റിക്‌സിലെ ആദ്യ മെഡലാണ്. ഹൈജമ്പിൽ കോമൺവെൽത്ത് ഗെയിംസ് മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ്. ഇരുപത്തിമൂന്നുകാരൻ ആദ്യ ചാട്ടത്തിൽ 2.10 മീറ്റർ മറികടന്നു. തുടർന്ന് 2.15, 2.19, 2.22 മീറ്റർ. ഒടുവിൽ 2.25 മീറ്റർ മറികടക്കുന്നതിൽ പരാജയപ്പെട്ടു. ന്യൂസിലൻഡിന്റെ ഹാമിഷ് കെർ (2.25) സ്വർണം നേടി. ഓസ്‌ട്രേലിയക്കാരൻ ബ്രെൻഡൻ സ്‌റ്റാർക്കിനാണ് വെള്ളി.
തുലിക മാൻ അവസാന നിമിഷം സ്വർണം കെെവിട്ടു. കോമൺവെൽത്ത് ഗെയിംസ് വനിതകളുടെ 78 കിലോയ്ക്ക് മുകളിലുള്ളവരുടെ ജൂഡോ ഫെെനലിൽ തുലിക മുന്നിട്ടുനിന്ന ശേഷം കീഴടങ്ങുകയിരുന്നു. മത്സരം കഴിയാൻ നിമിഷങ്ങൾശേഷിക്കെ സ്കോട്ലൻഡിന്റെ സാറാ അഡ്ലിങ്ടൺ തുലികയെ മലർത്തിയടിക്കുകയായിരുന്നു.





