Kozhikode

മാലിന്യം ബാക്കി; മിഠായിത്തെരുവിൽ പൈപ്പ് നന്നാക്കൽ വീണ്ടും മുടങ്ങി

Please complete the required fields.




കോഴിക്കോട്: മിഠായിത്തെരുവിൽ ഓടയിലെ മാലിന്യം പൂർണമായും നീക്കാത്തതിനാൽ പൈപ്പ് നന്നാക്കൽ വീണ്ടും മുടങ്ങി. വ്യാഴാഴ്ച രാത്രി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാർ സ്ലാബ് പൊട്ടിച്ച് മാലിന്യം നീക്കിയ രണ്ടിടത്ത് ജല അതോറിറ്റി ഉദ്യോഗസ്ഥർ പരിശോധന നടത്തി. എന്നാൽ അവിടെ പൈപ്പ് ചോർച്ചയില്ല. കൂടുതൽ പരിശോധനയ്ക്കായി മൊയ്തീൻ പള്ളി റോഡ് ജംക്‌ഷനു സമീപം ഓടയ്ക്കു മുകളിലെ സ്ലാബ് മാറ്റി. 

പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ തുടങ്ങിയവ ഓടയിൽ നിറഞ്ഞു കിടക്കുകയാണ്. ഇതു മാറ്റാതെ പൈപ്പിലെ ചോർച്ച പോലും കണ്ടെത്താൻ പറ്റില്ല. അഞ്ചിടത്തു നിന്ന് സ്ലാബ് എടുത്തെങ്കിലും രണ്ടിടത്ത് തിരിച്ചിട്ടു. മൂന്നിടത്ത് അപകട സൂചനയായി കയർ കെട്ടിയിട്ടിരിക്കുകയാണ്. 

മാലിന്യം നീക്കിയ ശേഷം പൈപ്പ് നന്നാക്കിയാൽ മതിയെന്നും കച്ചവടക്കാരും ജല അതോറിറ്റി ഉദ്യോഗസ്ഥരോടു പറഞ്ഞു. മിഠായിത്തെരുവ് നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച അലങ്കാര തൂൺ സ്ലാബ് മാറ്റുന്നതിനിടെ താഴെവീണു പൊട്ടി. പൈപ്പിലെ ചോർച്ച നോക്കാനായി സ്ലാബ് ഇളക്കിമാറ്റുന്നതിനിടെയാണ് സംഭവം. കോർപറേഷൻ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരും പരിശോധന നടത്തി. മിഠായിത്തെരുവിലെ ഓടയിലെ മാലിന്യം പൂർണമായും നീക്കണമെന്ന് കച്ചവടക്കാർ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇന്നു രാവിലെ കോർപറേഷൻ ആരോഗ്യ വിഭാഗം ഇവിടെ ശുചീകരണം നടത്തും.

Related Articles

Leave a Reply

Back to top button