Wayanad

ആഫ്രിക്കൻ പന്നിപ്പനി മാനന്തവാടി തവിഞ്ഞാലിലെ പന്നിഫാമിൽ, ജില്ലയിൽ കളക്ടറുടെ നേതൃത്വത്തിൽ അടിയന്തര യോഗം

Please complete the required fields.




വയനാട് : സംസ്ഥാനത്ത് ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത് മാനന്തവാടി തവിഞ്ഞാൽ ഉള്ള പന്നി ഫാമിൽ. രണ്ട് ദിവസം മുൻപാണ് ഒന്നിലധികം പന്നികൾ ചത്തത്. ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തി നടപടികൾ സ്വീകരിക്കാൻ ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും. മനുഷ്യരിലേക്ക് പകരാൻ സാധ്യതയില്ലാത്തതിനാൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

വയനാട്ടിൽ പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത് ഇന്ന് രാവിലെയോടെ ആണ്. രോഗം കണ്ടെത്തിയ ഫാമിലെ പന്നികളെ മുഴുവൻ കൊല്ലും. ഭോപ്പാലിൽ അയച്ച സാമ്പിളിലാണ് സ്ഥിരീകരികരണം വന്നത്. രോഗം സ്ഥിരീകരിച്ചതോടെ ചെക്ക് പോസ്റ്റിൽ പരിശോധനയും കർശന നിയന്ത്രണവും ഏർപ്പെടുത്തി. അന്യ സംസ്ഥാനങ്ങളിൽ നിന്നും പന്നികളെയോ പന്നിയിറച്ചിയോ കൊണ്ടുവരാൻ അനുവദിക്കില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പന്നി പനി സ്ഥിരീകരിച്ചതോടെ കേന്ദ്രം കേരളത്തിലും ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. ചെള്ളുകൾ വഴിയാണ് പന്നികൾക്ക് രോഗം ഉണ്ടാകുന്നത്. അതേ സമയം മനുഷ്യനിലേക്ക് പടരുന്ന വൈറസ് അല്ലെന്ന് മ്യഗ സംരക്ഷണ വകുപ്പ് അറിയിച്ചു.

ജില്ലയിലെ എല്ലാ പന്നി ഫാമുകളിലും നിരീക്ഷണം കർശനമാക്കും.ഫാമുകൾ അണുവിമുക്തമാക്കാനും നിർദേശം നൽകി. പുറത്ത് നിന്നുള്ളവരെ ഫാമുകളിലേക്ക് പ്രവേശിപ്പിക്കില്ല. പന്നികളെ ബാധിക്കുന്ന അതിഗുരുതരമായ ഈ രോഗത്തിന് ഫലപ്രദമായ ചികിൽസയോ വാക്സീനോ നിലവിലില്ല.വൈറസ് രോഗമായതിനാൽ പെട്ടെന്ന് പടരാമെന്നതും അതിജാഗ്രത ആവശ്യപ്പെടുന്നു.

വയനാട്ടിൽ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേരളത്തിലെ മുഴുവൻ പന്നി ഫാമുകൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പന്നികൾ ചത്താലോ രോഗം ഉണ്ടായാലോ ഉടൻ സർക്കാരിനെ അറിയിക്കണമെന്നാണ് നിർദേശം

Related Articles

Leave a Reply

Back to top button