
കൊച്ചി: മെട്രോയിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം ആറ് കോടി കടന്നു. സർവ്വീസ് ആരംഭിച്ച 19.06.2017 മുതൽ കഴിഞ്ഞ വ്യാഴാഴ്ച 14 വരെ കൊച്ചി മെട്രോയിൽ യാത്ര ചെയ്തത് 6,01,03,828 ആളുകളാണ്. കൊവിഡ് വ്യാപനം മൂലം നിരവധി മാസങ്ങളിൽ കൊച്ചി മെട്രോ സർവ്വീസ് തടസ്സപ്പെട്ടില്ലായിരുന്നുവെങ്കിൽ ഇതിനോടകം തന്നെ യാത്രക്കാരുടെ എണ്ണം ആറ് കോടി പിന്നിടുമായിരുന്നു. 2021 ഡിസംബർ ഇരുപത്തിയെന്നിനാണ് യാത്രക്കാരുടെ എണ്ണം അഞ്ച് കോടി കടന്നത്. ഇതിന് ശേഷം ഏഴ് മാസത്തിനകമാണ് യാത്രക്കാരുടെ എണ്ണം ആറ് കോടിക്ക് മുകളിൽ എത്തിയത് എന്നത് ശ്രദ്ധേയമാണ്.
നിലവിൽ ശരാശരി 65000 പേരാണ് ദിനംപ്രതി കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്നത്. സർവ്വീസ് ആരംഭിച്ചതിന് ശേഷം നാല് തവണയാണ് കൊച്ചി മെട്രോയിൽ ദിനംപ്രതി യാത്ര ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷം കടന്നത്. കൊവിഡിന് ശേഷം 2022 ജൂൺ പതിനേഴാം തീയതി ദിനംപ്രതി യാത്രക്കാരുടെ എണ്ണം വീണ്ടും ഒരു ലക്ഷത്തിന് മുകളിലെത്തിക്കാൻ കൊച്ചി മെട്രോയ്ക്ക് സാധിച്ചു. 1,12,628 പേരാണ് കൊച്ചി മെട്രോയുടെ അഞ്ചാം വാർഷിക ദിനമായ ജൂൺ പതിനേഴിന് മെട്രോയിൽ യാത്ര ചെയ്തത്.
നിർമ്മാണം പൂർത്തിയായി എസ്എൻ ജംഗ്ഷൻ, വടക്കേക്കോട്ട സ്റ്റേഷനുകളിലേക്ക് കൂടി സർവ്വീസ് ആരംഭിക്കുന്നതോടെ ദിനംപ്രതി യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം പിന്നിടുമെന്നാണ് പ്രതീക്ഷ. യാത്രക്കാർക്കായി നിരവധി ഓഫറുകളാണ് കൊച്ചി മെട്രോയിൽ നിലവിലുള്ളത്. എഴുപത്തിയഞ്ച് വയസ്സിന് മുകളിലുള്ളവർക്കും എൻസിസി, സ്കൌട്ട്സ് ആൻഡ് ഗൈഡ്സ് , പൊലീസ് ഉദ്യോഗസ്ഥർക്കും ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഡിസ്കൌണ്ട് നിലവിലുണ്ട്.
ഭിന്നശേഷിയുള്ളവർക്ക് കൊച്ചി മെട്രോയിൽ യാത്ര സൌജന്യമാണ്. ഭിന്നശേഷിയുള്ള വ്യക്തിയുടെ കൂടെ യാത്ര ചെയ്യുന്ന ഒരാൾക്ക് ടിക്കറ്റിന്റെ 50 ശതമാനം മാത്രം നൽകിയാൽ മതി. രാവിലെ 6 -8 മണി വരെയും രാത്രി 8-11 മണിവരെയും യാത്രക്കാർക്കായി 50 ശതമാനം ഡിസ്കൌണ്ടും നിലവിലുണ്ട്. വിദ്യാർത്ഥികൾക്കായി 80 രൂപയുടെ ഡേ-പാസ് പദ്ധതിയും കൊച്ചി മെട്രോ ഒരുക്കിയിട്ടുണ്ട്.





