Kozhikode

കോർപറേഷൻ: വിദേശത്തേക്കു കടന്ന കെട്ടിട ഉടമകളെ കണ്ടെത്താൻ തിരച്ചിൽ നോട്ടിസ്

Please complete the required fields.




കോഴിക്കോട്: കോർപറേഷൻ പാസ്‌വേഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്കു നമ്പർ നൽകിയ സംഭവത്തിൽ വിദേശത്തേക്കു കടന്ന രണ്ടു കെട്ടിട ഉടമകൾക്കു വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കി. അനധികൃതമായി നമ്പർ സംഘടിപ്പിച്ച കൂടുതൽ പേരെ  ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. കെട്ടിട ഉടമകൾ അടക്കം ഇതുമായി ബന്ധപ്പെട്ടവർ ഒളിവിലാണെന്നാണു സൂചന. ഇവരെ കണ്ടെത്താനുള്ള നടപടികളും ക്രൈംബ്രാഞ്ച് തുടങ്ങിയിട്ടുണ്ട്.

കെട്ടിട ഉടമകളെ കണ്ടെത്തിയാലേ അനധികൃതമായി നമ്പർ സംഘടിപ്പിക്കാൻ കൂട്ടു നിന്ന ഇടനിലക്കാരിലേക്ക് എത്താനാകൂ എന്നതാണ് പൊലീസിനു മുന്നിൽ നിലവിലുള്ള വെല്ലുവിളി. ഇതിനിടെ സംഭവത്തിൽ കോർപറേഷനിലെ ഒരു ജീവനക്കാരിയെ കൂടി സസ്പെൻഡ് ചെയ്തു.  എലത്തൂർ റവന്യു ഇൻസ്പെക്ടർ  എം.പി.പ്രീതയ്ക്കാണു സസ്പെൻഷൻ. അനധികൃതമായി നമ്പർ നൽകിയവർ പ്രീതയുടെ യൂസർനെയിം, പാസ്‌വേഡ് എന്നിവ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതോടെ സംഭവത്തിൽ 2 പ്രതികൾ അടക്കം 7 ജീവനക്കാരാണ് സസ്െപൻഷനിലായത്.

കൂടുതൽ അനധികൃത കെട്ടിടങ്ങൾക്ക്  നമ്പർ നൽകിയതായി കോർപറേഷൻ നിയോഗിച്ച പ്രത്യേക സ്ക്വാഡ് കണ്ടെത്തിയിട്ടുണ്ട്. സഞ്ജയ സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തിയതും റജിസ്റ്ററിൽ രേഖപ്പെടുത്തിയതും തമ്മിൽ പൊരുത്തക്കേടുണ്ടെന്നു പ്രാഥമിക പരിശോധനയിലാണു  കണ്ടെത്തിയത്. ഇനി കെട്ടിടങ്ങൾ നേരിട്ടു പരിശോധിക്കാനുണ്ട്. അനധികൃത നിർമാണമാണെന്നു സ്ഥിരീകരിച്ചാൽ ആദ്യ ഘട്ടത്തിൽ 3 ഇരട്ടി നികുതി ഈടാക്കി പൊലീസിനു പരാതി കൈമാറുമെന്നു കോർപറേഷൻ അധികൃതർ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button