
കോഴിക്കോട്: ബാലുശ്ശേരി ആൾക്കൂട്ട ആക്രമണ കേസിൽ ഡി വൈ എഫ് ഐ പ്രവർത്തകനെയും ഇടത് അനുഭാവിയെയും( പൊലീസ് രക്ഷിച്ചു. ഇവരൊഴികെ മറ്റെല്ലാ പ്രതികൾക്കും ആക്രമണത്തിൽ പങ്കെന്നാണ് റിമാൻഡ് റിപ്പോർട്ട്. എസ് ഡി പി ഐ , ലീഗ് പ്രവർത്തകരാണ് ജിഷ്ണുവിനെ ആക്രമിച്ചതെന്നും കോടതിയിൽ പൊലീസ് നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു
കോഴിക്കോട് ബാലുശ്ശേരി ആൾക്കൂട്ട ആക്രമണ കേസിലെ 11,12 പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകൻ നജാഫ് , ഇടത് അനുഭാവി ഷാലിദ് എന്നിവർ ഒഴികെയുള്ളവർക്കാണ് മർദനത്തിൽ പങ്കെന്ന് പൊലീസ് പറയുന്നു. ആദ്യം തന്നെ ഇരുവരുടെയും അറസ്റ്റ് ഒഴിക്കാൻ പൊലീസിന് മേൽ രാഷ്ട്രീയ സമ്മർദമുണ്ടായിരുന്നു.
എസ്‍ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലാണ് ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ ജിഷ്ണുവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിരുന്നു. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിക്കുകയും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും വ്യക്തമായിരുന്നു
ബാലുശ്ശേരിക്കടുത്ത് പാലൊളിമുക്കിലാണ് ഡിവൈഎഫ്ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ 30 ഓളം പേർ ചേര്‍ന്ന് വളഞ്ഞിട്ടാക്രമിച്ചത്. എസ് ഡി പി ഐ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. തന്‍റെ പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ സംഘം തടഞ്ഞു നിർത്തി. ഫ്ലസ്ക് ബോർഡ് നശിപ്പിക്കാൻ വന്നതാണെന്നും പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തിൽ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു. രണ്ട് മണിക്കൂർ നേരത്തെ ക്രൂരമർദ്ദനത്തിന് ശേഷമാണ് ആള്‍ക്കൂട്ടം ജിഷ്ണുവിനെ പൊലീസിന് കൈമാറിയത്.
രണ്ട് മണിക്കൂറോളമാണ് സംഘം ജിഷ്ണുവിനെ വളഞ്ഞിട്ട് മർദിച്ചവശനാക്കിയത്. മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.





