
കോഴിക്കോട്: ലഹരിക്കടിമപ്പെട്ടവരെ പുനരധിവാസിപ്പിക്കുക, ലഹരിമുക്തിക്കായി പ്രവർത്തിക്കുക എന്നീ ലക്ഷ്യങ്ങളുമായി കോഴിക്കോട് ജനറൽ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ഒഎസ്ടി കേന്ദ്രം ലക്ഷ്യ മിട്ട് ലഹരി വിൽപന നടത്തുകയായിരുന്ന നടക്കാവ് പണിക്കർ റോഡ് സ്വദേശി സെയ്തലവി (54) പോലീസ് പിടിയില്‍.
സ്കൂട്ടറിൽ വിൽപനയ്ക്കായി കൊണ്ടുവന്ന അരക്കിലോ ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ലഹരിമുക്തിക്കായി വരുന്നവരെ പ്രലോഭിപ്പിച്ച് വീണ്ടും ലഹരിക്കടിമപ്പെടുത്തി തങ്ങളുടെ വരുതിയിൽ നിർത്തുന്ന രീതിയാണ് ഇയാളുടേത്.
ആന്ധ്രയിൽ നിന്നും കൊണ്ടുവരുന്ന കഞ്ചാവാണ് കൂടുതലായും ഇത്തരത്തിൽ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നത്. ബ്രൗൺഷുഗർ എംഡിഎംഎ പോലുള്ള മാരക മയക്കുമരുന്നുകളും ലഹരി ഗുളികകളും വിൽപന നടത്തുന്ന സംഘത്തെ പറ്റിയും വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഡൻസാഫും നടക്കാവ് പോലീസും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. നേരിൽക്കണ്ട് ബോധ്യപ്പെട്ടശേഷം മാത്രമാണ് പ്രതി ഓർഡർ സ്വീകരിക്കുക.
ഫോൺ വിളികൾ പോലീസ് നിരീക്ഷിക്കുമെന്ന് കരുതിയാണ് നേരിട്ട് ഓർഡറെടുക്കുന്നത്. ഓർഡറെടുത്തശേഷം പിറ്റേദിവസം നേരിൽ കണ്ടാണ് കഞ്ചാവ് കൈമാറുന്ന സമയവും സ്ഥലവും അറിയിക്കുന്നത്





