ഫറോക്ക് : വീട്ടിൽ അനധികൃതമായി വിൽപനയ്ക്ക് സൂക്ഷിച്ച 24 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യവുമായി യുവാവ് പൊലീസ് പിടിയിൽ. മണ്ണൂർ വളവ് മുത്തേടത്ത് വടക്കുംപുറത്ത് പ്രബീഷ് (36) ആണ് അറസ്റ്റിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മണ്ണൂർ മേഖലയിൽ ലോട്ടറി വിൽപനക്കാരനായ പ്രബീഷ് രഹസ്യമായി മദ്യവിൽപനയും നടത്തുന്നുവെന്ന വിവരത്തെ തുടർന്നാണ് എസ്ഐമാരായ എം.ഇൻസമാം, കെ.കെ.രതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തിയത്.
സ്പെഷൽ ബ്രാഞ്ച് എഎസ്ഐ പി.സി. സുജിത്ത്, സിപിഒമാരായ കെ.പി. ശിവാനന്ദൻ, പി.ടി.ര ജിത്ത്, പി. ദീപക്, കെ. ജാനേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.ഓട്ടോറിക്ഷയിൽ 11 കുപ്പി മദ്യം കടത്തുകയായിരുന്ന 2 പേരെയും വീട്ടിൽ 31 കുപ്പി മദ്യം വിൽപനയ്ക്കായി സൂക്ഷിച്ച ഒരാളെയും ഈമാസം ഫറോക്ക് പൊലീസ് പിടികൂടിയിരുന്നു.